വിവാദങ്ങള്‍ക്കിടെ കാസര്‍കോട് കലക്ടര്‍ അവധിയില്‍
കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധിയിലേക്ക്. നാളെ മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. സി.പി.എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിറകെയാണ് രാജി എന്നത് ശ്രദ്ധേയം. എഡിഎമ്മിനാണ് പകരം ചുമതല. ജില്ലയില്‍ കലക്ടര്‍ പൊതുയോഗത്തിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചത് സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
പിന്നീട് കോടതി ഇടപെടലിനെ തുടര്‍ന്നാണ് സി.പി.എം പാര്‍ട്ടി സമ്മേളനം വെട്ടിച്ചുരുക്കിയത്. ഇന്നാണ് സംസ്ഥാനത്ത് സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ക്കാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്. രാഷ്ട്രീയ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയുള്ളതെന്ന് ഹൈക്കോടതി ഉത്തരവില്‍ ചോദിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പൊതുയോഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച കാസര്‍കോട് ജില്ലാ കലക്ടറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി. ഹൈക്കോടതി നടപടിയെ കളക്ടര്‍ പിന്തുണച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് അവര്‍ കോടതി വിധിയോട് പ്രതികരിക്കവെ പറഞ്ഞു.