കേരള ‘ഫെനി’ ഈ വര്‍ഷം ; നിര്‍മിക്കുക വടകര ചോമ്പാലയില്‍

ഗോവന്‍ മാതൃകയില്‍ കശുമാങ്ങയില്‍ നിന്ന് ഫെനി (മദ്യം) ഉത്പാദിപ്പിക്കാനുള്ള നടപടികള്‍ ഈ വര്‍ഷം തുടക്കമാകും. ഇതിനുള്ള കശുവണ്ടി വികസന കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. പദ്ധതിക്ക് ഈ മാസം സര്‍ക്കാരിന്റെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ. കോര്‍പറേഷന്റെ വടകര ചോമ്പാലയിലെ രണ്ടര ഏക്കര്‍ സ്ഥലത്താകും ഫാക്ടറി സ്ഥാപിക്കുക. കശുമാവ് കര്‍ഷകര്‍ ഏറെയുള്ള കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ആശ്രയിച്ചാണ് ഇവിടെ ഫാക്ടറി തുടങ്ങുന്നത്. ഫാക്ടറി സ്ഥാപിക്കാന്‍ 3 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ 100 പേര്‍ക്ക് തൊഴില്‍ നല്‍കാനുമാകും. സംസ്ഥാനത്താകെ ഒരു ലക്ഷം ഹെക്ടറിലാണ് കശുവണ്ടി കൃഷിയുള്ളത്. 82,000 ടണ്‍ കശുമാങ്ങ ഉത്പാദിപ്പിക്കാമെന്നാണ് കണക്ക്. ഇതില്‍ ഉപയോഗ യോഗ്യമായി 50,000 ടണ്‍ കിട്ടും. ഇതില്‍ നിന്നും 2750 ടണ്‍ മദ്യം ഉത്പാദിപ്പിക്കാമെന്നാണ് കണക്ക്.

കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന കശുവണ്ടിയുടെ 60 ശതമാനവും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായിരുന്നു. 2004-2005ല്‍ ഇരുജില്ലകളിലുമായി 41,022 ഹെക്ടര്‍ കൃഷിയുണ്ടായിരുന്നു. ഇപ്പോഴിത് 39,068 ഹെക്ടറിലേക്ക് ചുരുങ്ങിയിട്ടുണ്ട്. വില സ്ഥിരതയില്ലാത്തതും സര്‍ക്കാരിന്റെ പ്രോത്സാഹനമില്ലാത്തതുമാണ് കാരണം. ഇവിടത്തെ കശുവണ്ടി ലോകത്തിലെ ഏറ്റവും മികച്ച ഗ്രേഡില്‍ പെട്ടതാണ്. ഡബ്ല്യു 180 എന്‍ ഇനത്തിന് വിദേശത്ത് നല്ല വിലയുണ്ട്. കശുമാവിന്റെ കൃഷിക്ക് ചെലവുകുറവാണെന്നതാണ് പ്രത്യേകത. തരിശായ സ്ഥലം മാത്രം മതി. വെള്ളവും വളവും വേണ്ട. ഒരു കിലോ കശുവണ്ടിക്ക് 140 രൂപയോളം വില ലഭിക്കുന്നുണ്ട്. ഒരു വൃക്ഷത്തില്‍നിന്ന് പത്തു കിലോവരെ കശുവണ്ടി കിട്ടും. 30-35 വര്‍ഷത്തോളം വിളവെടുക്കാം. കശുവണ്ടിപ്പരിപ്പിന് 900 മുതല്‍ 1100 രൂപാവരെ വിലകിട്ടുന്നുണ്ട്. പോഷകസമൃദ്ധമായ കശുമാങ്ങ തോട്ടങ്ങളില്‍ ചീഞ്ഞളിഞ്ഞു പോവുകയാണ്. ഫെനി ഉത്പാദനം തുടങ്ങിയാല്‍ കശുമാങ്ങയ്ക്കും വില കിട്ടും. കശുമാവ് കൃഷിയും വര്‍ധിക്കും. കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പദ്ധതി വലിയ പ്രയോജനമാകുമെന്നാണ് കോര്‍പറേഷന്‍ വിലയിരുത്തല്‍.