കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ലോറി പിടികൂടി
ഇന്നലെ ഗതാഗതത്തിനു തുറന്നു കൊടുത്ത തൃശൂര്‍ കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ടിപ്പര്‍ ലോറി പിടികൂടി. നിര്‍മ്മാണ കമ്പനിയുടെ സബ് കോണ്ട്രാക്ട് എടുത്ത വാഹനമാണ് പീച്ചി പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ രാത്രി എട്ടേമുക്കാലിനായിരുന്നു സംഭവം. തുരങ്കത്തിലേയ്ക്ക് കയറുന്നതിന് മുമ്പേതന്നെ ലോറിയുടെ പിന്‍ഭാഗം ഉയര്‍ന്നിരുന്നു. ഇത് ലൈറ്റുകളിലും ക്യാമറകളിലും ഉരസിയാണ് നാശനഷ്ടം സംഭവിച്ചത്. ഒന്നാം തുരങ്കത്തിലെ നൂറ്റിനാല് ലൈറ്റുകള്‍ ടിപ്പര്‍ ലോറി തകര്‍ത്തു. ഇതിന് പുറമെ കാമറകളും. തൊണ്ണൂറ് മീറ്റര്‍ ദൂരത്താണ് നാശനഷ്ടം. മറ്റു വാഹനങ്ങളിലേക്ക് ലൈറ്റുകള്‍ വീഴാതിരുന്നതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല.
തൊണ്ണൂറ് മീറ്റര്‍ ദൂരത്തോളം വെളിച്ച സംവിധാനം തകരാറിലായി. സംഭവത്തിന് ശേഷം നിര്‍ത്താതെ പോയ ലോറിക്കായി തുരങ്കത്തിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളുമായാണ് പീച്ചി പൊലീസ് അന്വേഷണം നടത്തിയത്. സിസിടിവി ക്യാമറാ ദ്യശ്യങ്ങളില്‍ നിന്നാണ് ലോറി പ്രദേശവാസിയുടേതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ലോറി പിടിച്ചെടുത്തത്.ലോറി ഓടിച്ചിരുനനത് ചുവന്നമണ്ണ് സ്വദേശി ജിനേഷാണ്. മണ്ണടിച്ച ശേഷം ലോറിയുടെ പിന്‍ഭാഗം താഴ്ത്താന്‍ മറന്നു പോയതാണെന്ന് ജിനേഷ് പൊലീസിനെ അറിയിച്ചു. തുരങ്കത്തിന്റെ ഒരുഭാഗത്ത് വെളിച്ചമുള്ളതിനാല്‍ യാത്രാതടസമുണ്ടാകില്ല. തകര്‍ന്ന ലൈറ്റുകള്‍ ഓര്‍ഡര്‍ ചെയ്തു വരുത്താന്‍ കാലതാമസമെടുക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
പാലക്കാട് ഭാഗത്തു നിന്ന് വന്ന ടോറസ് പുറകു ഭാഗം ഉയര്‍ത്തി തുരംഗത്തിന് ഇടത് വശത്തുള്ള എല്‍ ഇ ഡി ലൈറ്റ് പാനല്‍ ഇടിച്ച് താഴെ ഇടുകയായിരുന്നു. നൂറിലധികം ലൈറ്റുകള്‍ ഇങ്ങനെ തകര്‍ന്നു നിലത്ത് വീണു. നിരീക്ഷണ ക്യാമറ, സെന്‍സറിങ് സിസ്റ്റം എന്നിവ പൂര്‍ണമായും നശിച്ചു. 10 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി ദേശീയ പാത അതോറിറ്റിയുടെ ഇലെക്ട്രിക്കല്‍ വിഭാഗം വ്യക്തമാക്കി. വാഹനത്തിന്റെ നമ്പര്‍ മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് മീഡിയാ വണിനോട് പറഞ്ഞിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ലോറി പൊലീസ് പിടികൂടിയത്.