ക്രിപ്റ്റോ കറന്‍സി മൂക്ക് കുത്തി ; ലക്ഷം കോടി ഡോളര്‍ നഷ്ടം

അന്താരാഷ്ട്ര ക്രിപ്റ്റോ കറന്‍സികള്‍ക്ക് വിപണിയില്‍ നേരിട്ട തിരിച്ചടി തുടരുന്നു. ക്രിപ്റ്റോ വിപണിയില്‍നിന്ന് ഇതുവരെ ഒരു ലക്ഷം കോടി മൂല്യമുള്ള കറന്‍സികള്‍ തുടച്ചുനീക്കപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. ജനപ്രിയ കറന്‍സിയായ ബിറ്റ്കോയിനാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. മൂല്യത്തില്‍ 600 ബില്യണ്‍ യുഎസ് ഡോളറിന്റെ നഷ്ടമാണ് ബിറ്റ്കോയിനുണ്ടായതെന്ന് യുഎസ് നിക്ഷേപ ഗ്രൂപ്പായ ബെസ്പോക് ഇന്‍വസ്റ്റ്മെന്റ് ഗ്രൂപ്പ് പറയുന്നു. ശനിയാഴ്ച മാത്രം ഏകദേശം എട്ടു ശതമാനത്തിന്റെ ഇടിവാണ് ബിറ്റ്കോയിന്റെ മൂല്യത്തിലുണ്ടായത്. നിലവിലെ മൂല്യം 35,700 ഡോളര്‍ (ഏകദേശം 26 ലക്ഷം രൂപ). കോയിന്‍മാര്‍ക്കറ്റ്ക്യാപ് ഡോട് കോമിന്റെ കണക്കു പ്രകാരം നവംബറില്‍ ഇത് 69,000 ഡോളറായിരുന്നു. ഏതാനും സമയം കൊണ്ട് 40 ശതമാനം ഇടിവാണ് ബിറ്റ്കോയിനുണ്ടായത്.

ക്രിപ്റ്റോ കറന്‍സികളുടെ ഉപയോഗം (use and mining) നിരോധിക്കാനുള്ള റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശമാണ് വിപണിയില്‍ ഭീതി വിതയ്ക്കുന്ന സാഹചര്യമുണ്ടാക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിനും ധനനയ പരമാധികാരത്തിനും ഭീഷണി ഉയര്‍ത്തുന്നു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ക്രിപ്റ്റോ കറന്‍സികള്‍ നിരോധിക്കാനുള്ള നിര്‍ദേശം റഷ്യന്‍ ബാങ്ക് മുമ്പോട്ടുവച്ചത്. ക്രിപ്റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട ഒരിടപാടും വേണ്ടെന്ന കര്‍ശന നിര്‍ദേശമാണ് ബാങ്കിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ക്രിപ്റ്റോ വിനിമയത്തിനടക്കം (ടോക്കണ്‍) നിരോധനം വേണമെന്നായിരുന്നു നിര്‍ദേശം. അഞ്ചു ബില്യണ്‍ യുഎസ് ഡോളറിന്റെ വാര്‍ഷിക ക്രിപ്റ്റോ വിനിമയമാണ് റഷ്യയില്‍ നടക്കുന്നതെന്നാണ് കണക്ക്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്റ്റോ കറന്‍സിയായ എതെറിന് മുപ്പത് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ മാത്രം 15 ശതമാനം വീഴ്ചയുണ്ടായി. നാലാമത്തെ വലിയ കോയിനായ ബിനാന്‍സിന്റെ മൂല്യത്തില്‍ രേഖപ്പെടുത്തിയത് 17 ശതമാനം ഇടിവ്. കാര്‍ഡനോയ്ക്ക് 15 ശതമാനത്തിന്റെയും ഡോഗെകോയിനിന് 13 ശതമാനത്തിന്റെയും ഇടിവുണ്ടായി.