കാര്‍ ബുക്ക് ചെയ്യാനെത്തിയപ്പോള്‍ അപമാനിച്ചുവിട്ടു ; 10 ലക്ഷം റെഡി ക്യാഷ് സെയില്‍സ്മാന് മുന്നിലേക്കിട്ട് കര്‍ഷകന്‍
കര്‍ണ്ണാടകയിലാണ് സംഭവം. അവിടെ തുമകൂരിലെ കാര്‍ ഷോറൂമിലാണ് സംഭവം അരങ്ങേറിയത്. ചിക്കസാന്ദ്ര ഹോബ്‌ളിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ച ഒരു എസ്.യു.വി ബുക്ക് ചെയ്യാനായി കാര്‍ ഷോറൂമിലെത്തി. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു എസ്.യു.വി. കാര്‍. വാഹനം വാങ്ങുന്നതിനുള്ള കാര്യങ്ങള്‍ ചോദിച്ചറിയുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു എക്സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. ‘പോക്കറ്റില്‍ 10 രൂപപോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്’. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോള്‍ തമാശക്ക് കാര്‍ നോക്കാന്‍ വന്നതാവും ഇവരെന്നാണ് അയാള്‍ കരുതിയത്. എന്നാല്‍ അയാളുടെ വാക്കുകള്‍ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവര്‍ ഷോറൂമില്‍ നിന്ന് ഇറങ്ങിപ്പോന്നു. ഇറങ്ങുന്നതിന് മുമ്പ് ഒരു കാര്യം കൂടി അവര്‍ ചോദിച്ചു. പണം കൊണ്ടുതന്നാല്‍ ഇന്ന് തന്നെ ഞങ്ങള്‍ക്ക് കാര്‍ ഡെലിവറി ചെയ്യണം.
ബാങ്കുകളെല്ലാം ആ സമയത്ത് അടച്ചിരുന്നതിനാല്‍ ഇത്രയും പണം ഒരുമിച്ചെടുത്ത് വരാന്‍ സാധ്യതയില്ലെന്ന് അവര്‍ കരുതിയെന്ന് കെമ്പഗൗഡ പറഞ്ഞു. പക്ഷേ പറഞ്ഞ സമയത്തിനുള്ളില്‍ പത്ത് ലക്ഷം രൂപയുമായി എത്തിയപ്പോള്‍ ഷോറുമുകാര്‍ ശരിക്കും ഞെട്ടി. ശനിയും ഞായറും അവധിയായതിനാല്‍ കാര്‍ ഡെലിവറി ചെയ്യാന്‍ സാധിക്കാതെ ഷോറൂമുകാര്‍ കുടുങ്ങി. എന്നാല്‍ ഇതോടെ കെമ്പഗൗഡയും സുഹൃത്തുക്കളും പ്രശ്നമുണ്ടാക്കി. അവര്‍ ഷോറൂമില്‍ കുത്തിയിരിപ്പ് സമരം നടത്തി. കാര്‍ കിട്ടാതെ താന്‍ ഇവിടെ നിന്ന് പോകില്ലെന്നും പറഞ്ഞു. കാര്‍ ഡെലിവറി ചെയ്യാതെ തങ്ങളെ അപമാനിച്ചെന്ന് കാട്ടി പൊലീസിന് പരാതി നല്‍കുകയും ചെയ്തു. തിലക് പാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ വീട്ടിലേക്ക് പറഞ്ഞയച്ചത്. മുല്ലയും കനകാംബരവുമടക്കമുള്ള പൂക്കൃഷി നടത്തുന്ന ആളാണ് കെമ്പഗൗഡ. ‘എന്നെയും എന്റെ സുഹൃത്തുക്കളെയും അപമാനിച്ചതിന് രേഖാമൂലം ക്ഷമ ചോദിക്കാന്‍ സെയില്‍സ് എക്സിക്യൂട്ടീവിനോടും ഷോറൂം അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കാര്‍ വാങ്ങാനുള്ള താല്‍പര്യം നഷ്ടപ്പെട്ടതായി കെമ്പഗൗഡ പറഞ്ഞു. തിങ്കളാഴ്ച ഷോറൂമിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വേഷം കണ്ട് ഒരാളെയും വിലയിരുത്തരുതെന്നാണ് പൊതുവെ പറയാറ് അതിന്റെ വ്യക്തമായ തെളിവാണ് ഈ സംഭവം.