തന്നോട് ചോദിക്കാതെ സ്മാര്‍ട് ഫോണ്‍ വാങ്ങിയ ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്

തന്റെ അനുമതിയില്ലാതെ  സ്മാര്‍ട് ഫോണ്‍ വാങ്ങിയ ഭാര്യയെ കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ കൊല്‍ക്കൊത്ത സ്വദേശി(40) അറസ്റ്റില്‍. വാടക കൊലയാളിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്‍ക്കത്തയുടെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള നരേന്ദ്രപൂരില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആക്രമണം നടത്തിയ ആള്‍ പിടിയിലായിട്ടുണ്ട്. മറ്റൊരു പ്രതിയെ പൊലീസ് തിരയുകയാണ്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവ് രാജേഷ് ഝായോട് സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അദ്ദേഹം നിരസിച്ചുവെന്നും യുവതി പറയുന്നു.

കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്നുണ്ടായിരുന്ന യുവതി അതിലൂടെ ലഭിച്ച പണം കൊണ്ട് ഈയിടെ ഒരു സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. ഇതറിഞ്ഞ ഭര്‍ത്താവ് പ്രകോപിതനാവുകയും ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വ്യാഴാഴ്ച രാത്രി വീടിന്റെ ഗെയ്റ്റ് അടയ്ക്കാന്‍ പോയ ഭര്‍ത്താവ് പിന്നെ റൂമിലേക്ക് തിരികെ വന്നില്ല. സംശയം തോന്നിയ യുവതി ഭര്‍ത്താവിനെ അന്വേഷിച്ച് പുറത്തേക്ക് കടന്നപ്പോള്‍ രണ്ടു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്.അക്രമികളില്‍ ഒരാളെയും ഭര്‍ത്താവിനെയും അവര്‍ പിടികൂടി. ആഴത്തില്‍ മുറിവേറ്റ യുവതിയുടെ തൊണ്ടയില്‍ ഏഴ് തുന്നലുണ്ട്.