ഭാവിയിലേക്ക് കുതിയ്ക്കാന്‍ പറക്കും കാറുകള്‍

പഴയ ജെയിംസ് ബോണ്ട് സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുള്ള പറക്കും കാറുകള്‍ യാഥാര്‍ഥ്യമാകുന്നു. ഏറെക്കാലമായി ഇത്തരം കാറുകളുടെ ഗവേഷണത്തിലാണ് ലോകത്തുള്ള പല കമ്പനികളും. പലരും ഇത്തരം കാറുകള്‍ കണ്ടു പിടിച്ചു എങ്കിലും പലതിനും സര്‍ക്കാരുകള്‍ അനുമതി നല്‍കിയിരുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാന്‍ സാദ്യതയുണ്ട് എന്ന ഭയമാണ് ഇവയ്ക്ക് അനുമതി ലഭിക്കാതിരിക്കാന്‍ കാരണമായത്. എന്നാലിപ്പോള്‍ രണ്ട് മിനുട്ട് 15 സെക്കന്‍ഡ് കൊണ്ട് കാറില്‍നിന്ന് എയര്‍ക്രാഫ്റ്റായി മാറുകയും മണിക്കൂറില്‍ 160 കി.മി വേഗത്തില്‍ 8000 ഫീറ്റ് (2500മീറ്റര്‍) ഉയരത്തില്‍ പറക്കുകയും ചെയ്യുന്ന ‘പറക്കും കാറിന്’ യോഗ്യത സര്‍ട്ടിഫിക്കറ്റ്.

സ്ലോവാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പറക്കും കാറിന് എയര്‍വേര്‍ത്തിനസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 70 മണിക്കൂര്‍ നീണ്ടുനിന്ന പരീക്ഷണപറക്കലിനും 200ലേറെ ടേക്ഓഫ്, ലാന്‍ഡിങുകള്‍ക്കും ശേഷമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് കമ്പനി അറിയിച്ചു. എയര്‍കാര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് വഴി കൂടുതല്‍ കാറുകള്‍ നിര്‍മിച്ച് വിപണിയിലിറക്കാനാകുമെന്ന് നിര്‍മാതാവായ പ്രഫസര്‍ സ്റ്റേഫന്‍ ക്ലെയ്ന്‍ പറഞ്ഞു. എയര്‍കാറുകള്‍ മധ്യദൂര യാത്രകളുടെ രീതി തന്നെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണില്‍ സ്ളോവാക്യയിലെ നിത്ര, ബ്രാറ്റിസ്ലാവിയ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകള്‍ക്കിടയില്‍ എയര്‍കാര്‍ 35 മിനുട്ട് കൊണ്ട് പറന്നിരുന്നു. ഭാവിയില്‍ പാരീസില്‍നിന്ന് ലണ്ടനിലേക്ക് പറക്കാനാണ് കമ്പനി ആലോചിക്കുന്നത്. ബിഎംഡബ്ല്യൂ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്ന ഈ പറക്കും കാര്‍ പെട്രോളിലാണ് റോഡിലൂടെ ഓടിക്കുക. വേറെയും കമ്പനികള്‍ ഇത്തരം വാഹനങ്ങള്‍ വികസിപ്പിക്കുന്നുണ്ട്.

ജീറോകോപ്റ്റര്‍ പോലെ പറക്കുന്ന മൂന്നു ചക്രമുള്ള പിഎഎല്‍ വി ലിബര്‍ട്ടി വാഹനങ്ങള്‍ നിലവില്‍ യൂറോപ്പിലെ റോഡുകളില്‍ അനുവദനീയമാണ്. യൂറോപ്യന്‍ യൂനിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയുമാണ്. എയര്‍കാറുകളുടെ ടേക്ഓഫും ലാന്‍ഡിങും പ്ലൈനുകളുടേത് പോലെ തന്നെയാണ്. അതിനാല്‍ ഓടിക്കുന്നയാള്‍ക്ക് പൈലറ്റ് ലൈസന്‍സ് വേണം. എന്നാല്‍ നിരവധി കമ്പനികള്‍ പൈലറ്റ് ലൈസന്‍സ് ആവശ്യമില്ലാത്ത, സ്വയം ടേക്ഓഫും ലാന്‍ഡിങും നടത്തുന്ന കാറുകള്‍ വികസിപ്പിക്കുന്നുണ്ട്. ഇത്തരം കണ്ടുപിടുത്തങ്ങള്‍ സമീപ ഭാവിയില്‍ പ്രചാരത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്.