ജി എസ് ടി വെട്ടിപ്പ് ; 12 മലയാള സിനിമാ നടന്മാര്‍ക്കെതിരെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം
സേവന നികുതി യഥാസമയം അടയ്ക്കുന്നതില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ 12 മലയാള സിനിമാ നടന്മാര്‍ക്കെതിരെ സംസ്ഥാന നികുതി വകുപ്പിന്റെ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ അന്വേഷണം. സിനിമകളില്‍ അഭിനയിക്കാന്‍ വന്‍തുക പ്രതിഫലം വാങ്ങുന്ന നടന്മാര്‍ കൃത്യമായി ജിഎസ്ടി അടയ്ക്കാത്തതിനാല്‍, ഈ തുക ഇളവ് ചെയ്തു നികുതി റിട്ടേണ്‍ യഥാസമയം സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്ന നിര്‍മാതാക്കളുടെ പരാതിയിലാണ് നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. ഇതില്‍ മൂന്നര കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ നടനെതിരെ എറണാകുളം ജില്ലാ ഇന്റലിജന്‍സ് വിഭാഗം പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചു. വെട്ടിച്ച നികുതി അടയ്ക്കാനുള്ള നോട്ടിസ് മറ്റുള്ളവര്‍ക്ക് നല്‍കിയിട്ടുണ്ട്.
2017 മുതല്‍ 2021 വര്‍ഷക്കാലയളവിലെ സിനിമാ നിര്‍മാണത്തിന്റെ ആകെ ചെലവും ഓരോ നടന്മാര്‍ക്കും നല്‍കിയ പ്രതിഫലത്തുകയുടെ കൃത്യമായ കണക്കുകളും നിര്‍മാതാക്കളോട് നികുതി വകുപ്പ് ചോദിച്ചിരുന്നു. ഈ തുക ലഭിച്ച നടന്മാരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച ശേഷമാണ് നികുതിയടവില്‍ കോടികളുടെ വെട്ടിപ്പു കണ്ടെത്തി പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കുന്നത്.അന്വേഷണ കാലപരിധിയില്‍ 25 സിനിമകളില്‍ അഭിനയിക്കുകയും 15 സിനിമകള്‍ക്ക് മുന്‍കൂര്‍ പണം വാങ്ങുകയും ചെയ്ത നടന്റെ ജിഎസ്ടി കുടിശിക ചൂണ്ടിക്കാട്ടി നല്‍കിയ നോട്ടിസ് അവഗണിക്കുകയും അതിനു ശേഷം 6 ആഡംബര വാഹനങ്ങള്‍ വാങ്ങുകയും ചെയ്തതോടെയാണു പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ നികുതി വകുപ്പ് തീരുമാനിച്ചത്.
നികുതിയടവില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയവര്‍ക്കെതിരെ മാത്രമാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. സേവന നികുതി വെട്ടിപ്പു ചൂണ്ടിക്കാട്ടി എല്ലാവര്‍ക്കും നോട്ടിസ് നല്‍കിയ ശേഷവും നികുതിയടയ്ക്കാന്‍ തയാറാകാത്ത 12 പേര്‍ക്കെതിരെയാണ് നിയമനടപടി ആരംഭിച്ചത്. നികുതി വകുപ്പ് ഐബി വിഭാഗത്തിന്റെ എറണാകുളം ജില്ലാ ടീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.ജിഎസ്ടി നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട അഭിനയം, സംഗീതം, നിര്‍മാണം, പോസ്റ്റ് പ്രൊഡക്ഷന്‍, ഡബ്ബിങ്, മിക്‌സിങ് തുടങ്ങിയ സര്‍വീസ് മേഖലകളില്‍ നിന്നു വര്‍ഷം 20 ലക്ഷം രൂപയില്‍ അധികം വരുമാനം നേടുന്നവര്‍ ജിഎസ്ടി അടയ്ക്കാന്‍ ബാധ്യസ്ഥരാണ്.