നടന്‍ വിജയ്യുടെ ആഡംബര കാര്‍ കേസിലെ പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി

ആഡംബര കാര്‍ ഇറക്കുമതി കേസില്‍ തമിഴ് നടന്‍ നടന്‍ വിജയ്‌ക്കെതിരായ റീല്‍ ഹീറോ പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി. യു.കെയില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് എന്‍ട്രി ടാക്‌സ് ചുമത്തിയതിന് എതിരെ കോടതിയെ സമീപിച്ചപ്പോഴായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. താരങ്ങള്‍ വെറും റീല്‍ ഹീറോകള്‍ മാത്രമാകരുതെന്നും ദേശവിരുദ്ധ സമീപനമാണിതെന്നുമാണ് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം പറഞ്ഞത്. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ‘ജനങ്ങളുടെ ധാരണ ഇവര്‍ യഥാര്‍ഥ ജീവിതത്തിലും ഹീറോകളാണെന്നാണ്. റീല്‍ ഹീറോകള്‍ മാത്രമാവരുത്. നികുതിവെട്ടിപ്പിനെ ദേശവിരുദ്ധ മനോഭാവമായും ചിന്താഗതിയായും ഭരണഘടനാ വിരുദ്ധമായും വ്യാഖ്യാനിക്കണം.

സാമൂഹ്യനീതി കൊണ്ടുവരാനുള്ള ചാമ്പ്യന്മാരായി സ്വയം ചിത്രീകരിക്കുന്നവരാണ് അഭിനേതാക്കള്‍. അവരുടെ ചിത്രങ്ങള്‍ സമൂഹത്തിലെ അഴിമതിക്ക് എതിരാണ്. എന്നാല്‍ അവര്‍ നികുതി വെട്ടിപ്പ് നടത്തുകയും ചട്ടങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു’- എന്നാണ് ജസ്റ്റിസ് സുബ്രഹ്മണ്യം ഉത്തരവില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു കോടതിയുടെ പരാമര്‍ശം. മൂന്നു മാസത്തിനു ശേഷം പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് വീണ്ടും കോടതിയെ സമീപിച്ചു. 2012ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത കാറിന് 32 ലക്ഷ രൂപ ടാക്‌സ് അടച്ചെന്ന് വിജയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജസ്റ്റിസ് പുഷ്പ നാരായണയുടെയും മുഹമ്മദ് ഷഫീഖിന്റെയും ബെഞ്ച് വിജയ്‌ക്കെതിരായ പരാമര്‍ശം നീക്കാന്‍ ഉത്തരവിടുകയായിരുന്നു.