യു ട്യൂബില്‍ സിനിമ അപ്ലോഡ് ചെയ്തു ; ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയ്ക്കെതിരെ കേസ്

ടെക് ലോകത്തെ ഭീമനായ ഗൂഗിളിന്റെ സി ഇ ഓ ആയ സുന്ദര്‍ പിച്ചൈയ്ക്കും മറ്റു അഞ്ചു പേര്‍ക്കും എതിരെ പോലീസ് കേസ്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ സുനീല്‍ ദര്‍ശന്‍ നല്‍കിയ പരാതിയിലാണ് സുന്ദര്‍ പിച്ചൈയ്ക്കും മറ്റു അഞ്ചു പേര്‍ക്കുമെതിരേ പകര്‍പ്പവകാശ ലംഘനത്തിന് മുംബൈ പൊലീസ് കേസെടുത്തത്. ഏക് ഹസീന തി ഏക് ദീവാന താ എന്ന തന്റെ സിനിമ അനധികൃതമായി യൂട്യൂബില്‍ അപ്ലോഡ് ചെയ്‌തെന്ന് കാണിച്ചാണ് സുനീല്‍ ദര്‍ശന്‍ പരാതി നല്‍കിയത്.

2017-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബില്‍ കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ഗൂഗിളിന് ഇ-മെയില്‍ അയച്ചിരുന്നെന്നും അവരില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്നും സുനീല്‍ വ്യക്തമാക്കുന്നു. ‘അവരുടെ സാങ്കേതിക വിദ്യയോട് എനിക്ക് ബഹുമാനമുണ്ട്. പക്ഷേ എന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. ഇത് അവരുടെ ശ്രദ്ധയില്‍പെടുത്താനുള്ള എന്റെ ആദ്യപടിയാണ് ഈ പരാതി.’സുനീല്‍ പറയുന്നു. 1957ലെ പകര്‍പ്പവകാശ ലംഘന നിയമത്തിലെ 51, 63, 69 വകുപ്പുകള്‍ പ്രകാരമാണ് സുന്ദര്‍ പിച്ചൈയ്‌ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.