ലോക വിപണിയില്‍ ഇന്ധന വില കുതിയ്ക്കുന്നു

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില കുതിച്ചുയരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളര്‍ കടന്നു. 2014 ന് ശേഷം ഇതാദ്യമായാണ് വില 90 ഡോളര്‍ കടക്കുന്നത്. ഒരു മാസം മുമ്പ് വില 75 ഡോളര്‍ മാത്രമായിരുന്നു വില. 30 ദിവസത്തില്‍ 15 ഡോളര്‍ വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ മാത്രം എണ്ണ വിലയില്‍ രണ്ടു ശതമാനം വര്‍ധന ആഗോള വിപണിയില്‍ ഉണ്ടായി.

യുക്രൈന്‍ സംഘര്‍ഷം, യു എ ഇയ്ക്ക് നേരെയുള്ള ഹൂതി ആക്രമണ ഭീഷണി എന്നിവയെല്ലാം വില വര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബ്രെന്റ് ക്രൂഡ് വില 55 ഡോളര്‍ ആയിരുന്നു. ഒറ്റ വര്‍ഷത്തില്‍ 35 ഡോളര്‍ വര്‍ധന ഉണ്ടായി. അതേ സമയം ഇന്ത്യയില്‍ കഴിഞ്ഞ 83 ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. നവംബര്‍ 4 ന് കേന്ദ്രം നികുതി കുറച്ച ശേഷം പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് മാറിയിട്ടില്ല. പുതിയ സാഹചര്യത്തില്‍ ഇന്ത്യയിലെ എണ്ണവിലയില്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. പല സംസ്ഥാനങ്ങളും തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനാലാണ് രാജ്യത്ത് ഇപ്പോള്‍ എണ്ണ വില ഉയരാതെ നില്‍ക്കുന്നത്.