ജോസ് മാത്യു പനച്ചിക്കലിന്റെ വിയോഗത്തില്‍ പ്രവാസി സമൂഹം അനുശോചിച്ചു

പി പി ചെറിയാന്‍,( PMF ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

ഡാളസ്: പി എം എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്ററും ലോക കേരള സഭ അംഗവും ആയിരുന്ന ശ്രീ ജോസ് മാത്യു പനച്ചിക്കലിന്റെ ആകസ്മിക വിയോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രത്യേകിച്ച് അമേരിക്ക, യൂറോപ്, കേരള, എന്‍ ആര്‍ കെ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി സമൂഹം അനുശോചന മീറ്റിംഗുകള്‍ സംഘടിപ്പിച്ചു.

പി എം എഫ് എന്ന ആഗോള മലയാളി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച ഒരു മഹദ് വ്യക്തിയും സദാ കര്‍മ്മ നിരതനും, ഊര്‍ജസ്വലനും ആയിരുന്നു ജോസ് പനച്ചിക്കല്‍. സംഘടനക്ക് വേണ്ടി അക്ഷീണം യത്‌നിക്കുന്ന ഒരു ജേഷ്ഠ സഹോദരനെയാണ് പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടത്. ഏതു പ്രതി സന്ധി ഘട്ടത്തിലും സംഘടനപ്രവര്‍ത്തകരെ എല്ലാവരെയും ഒന്നിച്ചു ചേര്‍ത്ത് നിര്‍ത്തുവാന്‍ അങ്ങേയറ്റം ശ്രമിച്ച ഒരു ചാലക ശക്തിയായിരുന്നു പനച്ചിക്കല്‍. അദ്ദേഹത്തിന്റെ വേര്‍പാട് പി.എം.എഫിനെ സംബന്ധിച്ചും പ്രവാസി മലയാളി സമൂഹത്തിനും നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ്.

പി എം എഫിനെ ഉന്നതിയില്‍ എത്തിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച ജോസ് എല്ലാവര്ക്കും ഒരു മാതൃകയാണ് . ഏര്‍പ്പെടുന്ന എല്ലാ രംഗങ്ങളിലും തപോ നിഷ്ഠമായ തന്റെ ജീവിത ശൈലിയിലൂടെ സംഘടനയുടെ തനിമയും, മഹിമയും കാത്തു സൂക്ഷിക്കുവാന്‍ പരിശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ക്ഷേമ രംഗത്തു പകരം വെക്കാന്‍ ഇല്ലാത്തതാണെന്നും അത് പ്രസ്ഥാനത്തിനും, നാടിനും, നാട്ടുകാര്‍ക്കും മുതല്‍കൂട്ടായിട്ടുണ്ടെന്നും പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാനാട്ട്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍കോട്ടയം എന്നിവര്‍ വിവിധ അനുശോചന യോഗങ്ങളില്‍ അഭിപ്രായപ്പട്ടു.

ജോസ് മാത്യു പനച്ചിക്കല്‍ പ്രവാസി മലയാളികളുടെ ഉന്നമനത്തിനുവേണ്ടി ആവിഷ്‌കരിച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുകയാണ് അദ്ദേഹത്തിന് നല്‍കുവാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറിയും പി എം എഫ് രക്ഷാധികാരിയുമായ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി തന്റെ സന്ദേശത്തില്‍ പറഞ്ഞു. സംഘടനയുടെ രൂപീകരണം മുതല്‍ ജോസ് മാത്യു പനച്ചിക്കലുമായി നിരന്തരം ഇടപെടുവാന്‍ അവസരം ലഭിച്ചതായും, അദ്ദേഹത്തിന്റെ സംഘടനാ പാടവം പ്രശംസനീയമായിരുന്നുവെന്നും സ്വാമി അനുസ്മരിച്ചു.

ജോസ് മാത്യുവിന്റെ ജീവിത മഹത്വം വെളിവാക്കുന്നതാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്ര അധികം അനുസ്മരണ സമ്മേളനങ്ങള്‍ ഒരേ സമയം സംഘടിപ്പിക്കപ്പെടുന്നത്. പി എം എഫിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അദ്ദേഹത്തെകുറിച്ചുള്ള ആവേശോജ്വലമായ നല്ല സ്മരണകള്‍ പ്രവര്‍ത്തകര്‍ക്കു എന്നും മാര്‍ഗ്ഗദര്ശകമായിരിക്കട്ടെ. അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചതു ഒരു ബഹുമതി ബഹുമതിയായി കരുതുന്നുവെന്നും ഭാവിയില്‍ പ്രവാസി മലയാളി ഫെഡറേഷന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയുന്നുവെന്നും എസ് സുരേന്ദ്രന്‍ ഐ പി എസ് ഉറപ്പു നല്‍കി.

ജോസ് മാത്യു പനച്ചിക്കലിന്റെ അകാല നിര്യാണത്തില്‍ പി എം എഫ് ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ്, ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കൌണ്‍സില്‍, നാഷണല്‍, യൂണിറ്റ് കമ്മിറ്റികള്‍, കേരള, എന്‍ ആര്‍ കെ, നോര്‍ത്ത് അമേരിക്ക, യൂറോപ്പ് , ജി സിസി, ആഫ്രിക്ക കമ്മിറ്റി ഭാരവാഹികള്‍, പി എം എഫ് കുടുംബങ്ങള്‍, ലോക കേരള സഭ അംഗങ്ങള്‍, ജീവിതത്തിന്റെ നാനാ തുറകളിലുള്ളവര്‍, അദ്ദേഹത്തിന്റെ കുടുംബത്തിനും, പ്രിയപ്പെട്ടവര്‍ക്കും എല്ലാ ആദരവുകളും, പ്രാര്‍ത്ഥനകളും, ആദരാഞ്ജലികളും അര്‍പ്പിച്ചു.