മാനനഷ്ട കേസിലെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വി എസ് അച്യുതാനന്ദന്‍

സോളാര്‍ മാനനഷ്ട കേസില്‍ നഷ്ടപരിഹാര വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വി എസ് അച്യുതാനന്ദന്‍. താന്‍ പറഞ്ഞ്ത് സംബന്ധിച്ച് ഒരു രേഖകളും ഉമ്മന്‍ ചാണ്ടി ഹാജരാക്കിയിട്ടില്ലെന്നും വിഎസ് പറഞ്ഞു. സോളാര്‍ കേസിലെ വിവാദ പരാമര്‍ശത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി വരുന്ന തിങ്കളാഴ്ചയാണ്. സോളാര്‍ ഇടപാടുകളില്‍ അഴിമതി നടത്തിയെന്ന പരാമര്‍ശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധി വന്നത്. പത്തു ലക്ഷത്തി പതിനായിരം രൂപ ഉമ്മന്‍ ചാണ്ടിക്ക് മാനനഷ്ടം നല്‍കണമെന്നാണ് വിധി. വി എസ് അച്യുതാനന്ദനെതിരെ നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം സബ് കോടതിയുടെ ഉത്തരവ്.

എന്നാല്‍ വി .എസ്സ് പറഞ്ഞ കാര്യങ്ങള്‍ അടങ്ങിയ മുഖാമുഖം രേഖകള്‍ ഒന്നും തന്നേ ഉമ്മന്‍ചാണ്ടി കോടതിയില്‍ഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ശ്രീ.ഉമ്മന്‍ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും തുടര്‍ന്ന് ഗവണ്മെന്റ് റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് ശ്രീ.ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ എടുത്ത നടപടി റിപ്പോര്‍ട്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാര്‍ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്. ഈ വസ്തുതകള്‍ ഒന്നും പരിഗണിക്കാതെയുള്ള 22/01/2022 ലെ ബഹുമാനപ്പെട്ട സബ്‌കോടതി വിധിക്കു എതിരെ അപ്പീല്‍ നടപടി സ്വീകരിക്കുമെന്ന് വി.എസ്സിന്റെ ഓഫീസ് അറിയിച്ചു.

സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയ വസ്തുതകള്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പൊതുശ്രദ്ധയില്‍ കൊണ്ട് വരുന്നത് പൊതു പ്രവര്‍ത്തകന്‍ എന്ന കര്‍ത്തവ്യബോധം മുന്‍നിര്‍ത്തി ഉള്ളത് ആണ് എന്ന് അപ്പീല്‍കോടതി കണ്ടെത്തും എന്ന് ഉറപ്പ് ഉള്ളതിനാലും, കീഴ്‌കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും ഇത് കീഴ്‌കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകള്‍ വിലയിരുത്തിയുള്ള നടപടിക്രമങ്ങള്‍ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായംകൂടി അപ്പീല്‍ കോടതി നടത്തും എന്ന പ്രത്യാശയില്‍, അപ്പീല്‍ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് ഓഫീസ് അറിയിച്ചു.

സോളാര്‍ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. പ്രതിപക്ഷ നേതാവിനെതിരെ 2014 ലാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച വക്കീല്‍ നോട്ടീസില്‍ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.

നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടിക്ക് നല്‍കണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വിഎസിന്റെ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.