കോഴിക്കോട് ഇരട്ടസ്‌ഫോടനം ; തടിയന്റവിട നസീറിനെ വെറുതെ വിട്ടു
കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസില്‍ ഒന്നാം പ്രതി തടിയന്റെവിട നസീറിനേയും നാലാം പ്രതി ഷഫാസിനേയും ഹൈക്കോടതി വെറുതെ വിട്ടു. എന്‍ ഐ എയുടെ അപ്പീല്‍ തള്ളിയാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികളുടെ അപ്പീല്‍ ഹര്‍ജിയും രണ്ട് പ്രതികളെ വെറുതേ വിട്ടതിനെതിരായ എന്‍ ഐ എ ഹര്‍ജികളിലും വാദം കേട്ട ശേഷമാണ് ജസ്റ്റീസ് വിനോദ് ചന്ദ്രന്‍, ജസ്റ്റീസ് സിയാദ് റഹ്മാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധി പുറപ്പെടുവിച്ചത്.തടിയന്റവിട നസീറിന് മൂന്ന് ജീവപര്യന്തവും ഷഫാസിന് ഇരട്ട ജീവപര്യന്തവുമായിരുന്നു വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്. കേസില്‍ ആകെ ഒമ്പത് പ്രതികളാണ് ഉണ്ടായിരുന്നത്. വിധിക്കെതിരെ എന്‍ഐഎ സുപ്രിം കോടതിയില്‍ അപ്പീല്‍ പോയേക്കും. കേസിലെ വിചാരണ പൂര്‍ത്തിയായ ശേഷം അബ്ദുല്‍ ഹാലിം, അബൂബക്കര്‍ യൂസുഫ് എന്നീ രണ്ടു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. അതിനെതിരെ എന്‍ഐഎ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയിരുന്നു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബഞ്ചിന്റേതാണ് വിധി.
പ്രത്യേക എന്‍ഐഎ കോടതിയാണ് തടിയന്റവിട നസീറും, ഷഫാസും സ്‌ഫോടനക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ബോംബ് നിര്‍മ്മാണം മുതല്‍ സ്‌ഫോടനം നടത്തുന്നതുവരെയുള്ള കാര്യങ്ങളില്‍ നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നു എന്ന് കോടതി കണ്ടെത്തിയ ഒന്നാം പ്രതി തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും 1,60,000 രൂപ പിഴയും നാലാം പ്രതിയായ ഷഫാസിന് ഇരട്ട ജീവപര്യന്ത്യവും 1,10,000 രൂപ പിഴയുമാണ് വിധിച്ചത്. ജീവപര്യന്തം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നായിരുന്നു വിധി. പ്രതികള്‍ക്ക് ഇന്ത്യന്‍ ഭരണഘടനയും ദേശാഭിമാനികളുടെ ജീവചരിത്രവും വായിക്കുവാനായി നല്‍കുവാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസ് എസ്.വിജയകുമാറിന്റേതായിരുന്നു വിധി. സ്‌ഫോടനത്തെ തീവ്രവാദി ആക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു. സ്‌ഫോടനം നടത്തുവാന്‍ വെള്ളിയാഴ്ച തെരഞ്ഞെടുത്തതില്‍ വ്യക്തമായ ലക്ഷ്യം ഉണ്ടെന്നും സ്‌ഫോടനത്തിലൂടെ പൊതുജനങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധ വളര്‍ത്തുവാനും തീവ്രവാദം ഊട്ടിയുറപ്പിക്കുവാനും പ്രതികള്‍ ലക്ഷ്യമിട്ടിരുന്നു എന്നും കോടതി കണ്ടെത്തി.
രാജ്യദ്രോഹം, ഗൂഢാലോചന, ആയുധ നിരോധന നിയമം, സ്‌ഫോടക വസ്തു നിരോധന നിയമം തുടങ്ങി നിരവധി ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. പ്രതികള്‍ ഇരുവരും തങ്ങള്‍ ചെയ്ത കുറ്റത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നുമില്ല. കേസില്‍ മാപ്പു സാക്ഷിയായ ഷമ്മി ഫിറോസിന്റെ മൊഴി നിര്‍ണ്ണായകമായിരുന്നു. ഷമ്മി ഫിറോസിന്റെ മൊഴി സത്യത്തിന്റെ പ്രകാശമാണ് പരത്തുന്നതെന്ന് കോടതി വിധിയില്‍ പറഞ്ഞു. ഏഴാം പ്രതിയായിരുന്ന ഷമ്മി ഫിറോസ് വിദേശത്തായിരുന്നു. പിന്നീട് ഇയാളെ എന്‍ഐഎ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു.