പത്താം ക്ളാസ് ; പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി ; ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല
കൊറോണ വ്യാപനത്തിനെ തുടര്‍ന്ന് എസ്എസ്എല്‍സി , പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. എഴുത്ത് പരീക്ഷകള്‍ക്ക് ശേഷമായിരിക്കും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്തുന്നത്. അവലോകനയോഗത്തിനുശേഷമാണ് വിദ്യാഭ്യാസമന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ഒന്നു മുതല്‍ ഒമ്പതു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്കു വിക്ടേഴ്സ് ചാനല്‍ വഴി ഡിജിറ്റല്‍ ക്ലാസ് ഉണ്ടാകും. എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് ജിസ്യൂട്ട് പ്ലാറ്റ്ഫോം വഴി ഓണ്‍ലൈന്‍ ക്ലാസും ഉണ്ടായിരിക്കും. അധ്യാപകര്‍ ഹാജര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
10, 11, 12 ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പ് നിര്‍ബന്ധമായും പൂര്‍ത്തിയാകുംവിധം ക്രമീകരണം ഉണ്ടാക്കണം. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റുന്ന സാഹചര്യം കൂടി അതിനായി വിനിയോഗിക്കണം. 10, 12 ക്ലാസ്സുകളിലേക്കുള്ള വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കു യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നു മന്ത്രി പറഞ്ഞു. ഈ അധ്യയന വര്‍ഷം തുടക്കം മുതല്‍ തന്നെ ഡിജിറ്റല്‍ – ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് ഓഫ്ലൈന്‍ ക്ലാസുകളും തുടങ്ങി. പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയപോലുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടത്തണം. ഇതിനായി സ്‌കൂള്‍തലത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ നടത്തണം. ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് – സപ്ലിമെന്ററി പരീക്ഷ ഈ മാസം 31ന് ആരംഭിക്കും. കോവിഡ് പോസിറ്റീവ് ആയ കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക മുറി ഒരുക്കും. എഴുത്ത് പരീക്ഷക്ക് മുന്‍പാണ് പ്രാക്ടിക്കല്‍ പരീക്ഷ ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇത് മാറ്റി എഴുത്ത് പരീക്ഷയ്ക്കുശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തും.
ഈ വര്‍ഷം പൊതുപരീക്ഷയ്ക്ക് 60 % ഫോക്കസ് ഏരിയയില്‍ നിന്ന് 70 % ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്. ആകെ 105 % ചോദ്യങ്ങള്‍ നല്‍കും. നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്ന് 30% ചോദ്യങ്ങള്‍ക്കാണ് ഉത്തരമെഴുതേണ്ടത്. ആകെ 45 % ചോദ്യങ്ങള്‍ നല്‍കും. വിദ്യാര്‍ഥികളുടെ മികവിനനുസരിച്ച് മൂല്യ നിര്‍ണയം നടത്തുന്നതിനാണ് മാറ്റങ്ങള്‍. ഇന്റേണല്‍- പ്രാക്ടിക്കല്‍ മാര്‍ക്കുകള്‍ കൂടി വിദ്യാര്‍ഥികളുടെ ഗ്രേഡ് നിശ്ചയിക്കുന്നതിനു കൂട്ടിച്ചേര്‍ക്കും.അധ്യാപകരും അനധ്യാപകരും സ്‌കൂളുകളില്‍ എല്ലാ ദിവസവും ഹാജരാകണം. ഉപജില്ലാ – ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അവരവരുടെ അധികാര പരിധിയിലുള്ള സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ടു ദിവസത്തിലൊരിക്കല്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കണം. ജനുവരി 25 വരെ ഹൈസ്‌കൂളില്‍ 80 ശതമാനം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി. ഹയര്‍സെക്കന്‍ഡറിയില്‍ 60.99 ശതമാനം പേര്‍ക്കും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 66.24 ശതമാനം കുട്ടികള്‍ക്കും വാക്സീന്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.