ഇനി നല്ല ഭക്ഷണം ; ഏറ്റെടുത്ത ഉടന്‍ ആദ്യ നടപടി പ്രഖ്യാപിച്ചു ടാറ്റ

എയര്‍ ഇന്ത്യയെ കൈ പിടിച്ചു ഉയര്‍ത്താന്‍ തന്നെയാണ് ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം. 68 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം എയര്‍ ഇന്ത്യ തിരിച്ചുപിടിച്ചതിനു പിറകെ വിമാന സര്‍വീസിലെ ആദ്യ നടപടി പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. വിമാനത്തില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണം ഇനി പഴയ പോലെയാകില്ലെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭക്ഷണസേവനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ഇന്നുതന്നെ നാല് വിമാനങ്ങളില്‍ ഇതിന്റെ മാറ്റം കാണാമെന്നുമാണ് കമ്പനി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്. മുംബൈയില്‍നിന്നുള്ള നാല് വിമാന സര്‍വീസുകളിലാണ് ആദ്യ മാറ്റങ്ങള്‍ കൊണ്ടുവരിക. ഇന്നത്തെ എഐ864 മുംബൈ-ഡല്‍ഹി, എഐ687 മുംബൈ, എഐ945 മുംബൈ-അബൂദബി, എഐ639 മുംബൈ-ബംഗളൂരു വിമാനങ്ങളിലാണ് പുതുക്കിയ ഭക്ഷണമെനുവും സര്‍വീസും ആദ്യമായി നടപ്പാക്കുന്നത്. 18,000 കോടി രൂപയ്ക്കാണ് ടാറ്റ പൊതുമേഖലാ വിമാനക്കമ്പനിയെ ഏറ്റെടുത്തത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകളുടെ മുഴുവന്‍ ഓഹരിയും എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിഭാഗമായ സാറ്റ്സിന്റെ 50 ശതമാനം ഓഹരിയുമാണ് കേന്ദ്രസര്‍ക്കാര്‍ ടാറ്റയ്ക്ക് കൈമാറിയത്.

നാളെ മുംബൈയില്‍നിന്നു തന്നെയുള്ള വിമാനങ്ങളിലും ഇതു തുടരും. വരുംദിവസങ്ങളലില്‍ കൂടുതല്‍ വിമാനങ്ങളിലും യാത്രക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പൊതുമേഖലയില്‍നിന്ന് കമ്പനി ഏറ്റെടുക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ച് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെല്ലാം ടാറ്റയുടെ ഇ-മെയില്‍ ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രതിച്ഛായയും സമീപനവും പെരുമാറ്റവുമെല്ലാം മാറ്റാന്‍ പോകുകയാണെന്നും അടുത്ത ഏഴുദിവസം വളരെ പ്രധാനമാണെന്നും ഇ-മെയിലില്‍ ജീവനക്കാരോട് ഉണര്‍ത്തിയിട്ടുണ്ട്. കാബിന്‍ ക്യൂവിന്റെ പെരുമാറ്റത്തിലടക്കം മാറ്റംകൊണ്ടുവരുമെന്നും ഇതിനായി പ്രത്യേക പരിശീലനങ്ങള്‍ നല്‍കുമെന്നും ഈ വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കാനിരിക്കുന്ന സന്ദീപ് ശര്‍മയും മേഘ സിംഗാനിയയും ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി. കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയെ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പലതവണ നടത്തിയ ശ്രമത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ടാറ്റ ഗ്രൂപ്പ് ലേലത്തിനെടുത്തത്. എയര്‍ ഇന്ത്യയുടെ ആകെ കടത്തില്‍ 15,300 കോടി രൂപ ടാറ്റ ഏറ്റെടുക്കും. ടെന്‍ഡര്‍ തുകയില്‍ ബാക്കിയുള്ള 2,700 കോടി രൂപ കേന്ദ്രസര്‍ക്കാരിന് പണമായി കൈമാറും. സ്‌പൈസ് ജെറ്റും എയര്‍ ഇന്ത്യ വാങ്ങാനായി ലേലത്തിനുണ്ടായിരുന്നു. യുഎസ് ആസ്ഥാനമായ ഇന്റര്‍ അപ്‌സ് കമ്പനിയും രംഗത്തുണ്ടായിരുന്നെങ്കിലും ഇടയ്ക്കു വച്ച് പിന്മാറി.