മകന്‍ കാമുകിയുമായി ഒളിച്ചോടി ; അമ്മയെ വീട്ടുകാര്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു
തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ തിരുച്ചുളി ബ്ലോക്കിലെ വാഗൈകുളം ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് 45 കാരിയായ മീനാക്ഷിയെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന് മീനാക്ഷിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവരെ വലിച്ചിഴച്ച് വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. മീനാക്ഷിയെ അരുപ്പുകോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനുവരി 22 നാണ് മീനാക്ഷിയുടെ മകന്‍ അതേ ഗ്രാമത്തിലെ മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്. ഇവര്‍ വിവാഹിതരാകുകയും തുടര്‍ന്ന് ബന്ധുക്കളില്‍ നിന്ന് അഭയം തേടി അരുപ്പുക്കോട്ട വനിതാ പൊലീസ് സ്റ്റേഷനെ സമീപിക്കുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം ജനുവരി 25നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന് മീനാക്ഷിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അവരെ വലിച്ചിഴച്ച് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. മീനാക്ഷിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അമ്മ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ പറലാച്ചി പൊലീസ് കേസെടുത്തു.