സ്വകാര്യ ഫോണില്‍ മഞ്ജു വാര്യരുമായുള്ള സംഭാഷണങ്ങള്‍ ; ഫോണ്‍ കൈമാറാനാവില്ല എന്ന് ദിലീപ്
തന്റെ സ്വകാര്യ ഫോണുകള്‍ പൊലീസിന് കൈമാറാന്‍ സാധിക്കാത്തത് തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുമായി സംസാരിച്ച സംഭാഷണങ്ങളടക്കം ഫോണിലുള്ളതിനാല്‍ ആണെന്നു ദിലീപ്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഉപഹര്‍ജി പരിഗണിയ്ക്കുന്നതിനിടയിലാണ് സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ അന്വേഷണ സംഘം ശ്രമിയ്ക്കുന്നു എന്ന ആരോപണവുമായി ദിലീപ് രംഗത്തെത്തിയത്. കേസില്‍ നാളെ 11 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്താന്‍ കോടതി തീരുമാനിച്ചു. കേസ് അന്വേഷിക്കുന്ന കേരളാ പോലീസിനെ തനിക്ക് ഒട്ടും വിശ്വാസമില്ല എന്ന വാദത്തില്‍ ദിലീപ് ഉറച്ചു നില്‍ക്കുന്നതാണ് ഇതിലൂടെ മനസിലാകുന്നത്.
മുന്‍ ഭാര്യയുമായുള്ള സംഭാഷണമടക്കം അന്വേഷണസംഘത്തിന് കിട്ടിയാല്‍, അത് അവര്‍ ദുരുപയോഗം ചെയ്യും. പൊലീസ് സംഭാഷണം പുറത്തുവിട്ടാല്‍ തനിക്ക് അത് ദോഷം ചെയ്യും. കയ്യില്‍ ആ ഫോണില്ലെന്ന് തനിക്ക് വേണമെങ്കില്‍ വാദിക്കാമായിരുന്നു. അത് ചെയ്തിട്ടില്ല. തനിക്ക് ഒളിക്കാന്‍ ഒന്നുമില്ല. കോടതിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ് പ്രോസിക്യൂഷന്‍ നടത്തുന്നതെന്നും ദിലീപ് കോടതിയില്‍ ആരോപിക്കുന്നു. ഇപ്പോള്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറുമായിട്ടുള്ള സംഭാഷണം താനും റെക്കോഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത് ശേഖരിക്കാനായി താന്‍ ആ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ്. തന്റെ എതിര്‍ വാദത്തിന് ഈ ഫോണ്‍ അനിവാര്യമാണ്. അതിനാല്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ല ദിലീപ് വാദിച്ചു.
അതേസമയം നിങ്ങള്‍ക്ക് കോടതിയില്‍ വിശ്വാസമില്ലേ എന്ന് ഒരു ഘട്ടത്തില്‍ ഹൈക്കോടതി ദിലീപിനോട് ചോദിച്ചു. ആര്‍ക്കാണ് ഈ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കേണ്ടത് എന്ന കാര്യം തീരുമാനിക്കേണ്ടത് ദിലീപാണോ എന്നും കോടതി ചോദിച്ചു. ഹൈക്കോടതി രജിസ്ട്രിയില്‍ ഈ ഫോണ്‍ എന്തുകൊണ്ട് നല്‍കുന്നില്ല? മറ്റൊരാള്‍ക്ക് ഫോണ്‍ പരിശോധനയ്ക്ക് കൊടുത്തത് വഴി നിങ്ങള്‍ എടുത്തത് വലിയ റിസ്‌കല്ലേ എന്നും കോടതി ചോദിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഫോണുകള്‍ ഹാജരാക്കാനാവില്ലെന്ന് നിലപാട് എടുത്തതോടെയാണ് പ്രോസിക്യൂഷന്‍ ഉപഹര്‍ജി നല്‍കിയത്.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകള്‍ നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയത്. ദിലീപിന്റെ വസതിയില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ പുതിയ ഫോണുകളാണ്. 2022 ജനുവരിയില്‍ മാത്രമാണ് ആ ഫോണുകള്‍ ദിലീപും അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാല്‍ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകള്‍ കേസില്‍ നിര്‍ണായകമാണ് എന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിള്‍ ഫോണ്‍, ഒരു വിവോ ഫോണ്‍, ദിലീപിന്റെ സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോണ്‍ എന്നിവ അന്വേഷണം തുടങ്ങിയപ്പോള്‍ മാറ്റിയെന്നും അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറയുന്നു.
പൊലീസ് ചോദിച്ച ഫോണുകള്‍ വധഭീഷണി കേസുമായി ബന്ധമില്ലാത്തതാണെന്നായിരുന്നു കോടതിയുടെ ചോദ്യത്തിന് ദിലീപിന്റെ മറുപടി. ഗൂഢാലോചന നടന്നുവെന്ന് പറയുന്ന സമയത്തെ ഫോണല്ല അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. ഫോറന്‍സിക് പരിശോധന കഴിഞ്ഞ് ഫോണ്‍ ലഭിക്കാന്‍ ഒരാഴ്ചയെടുക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് കടന്നുകയറാനാണഅ പൊലീസ് ശ്രമിക്കുന്നതെന്നും ചോദ്യം ചെയ്യലിന്റെ അവസാന ദിവസമാണ് ഫോണുകള്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയതെന്നും ദിലീപ് പറഞ്ഞു. ഫോണ്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിക്കൂടേയെന്ന് ഹൈക്കോടതി ചോദിച്ചപ്പോള്‍ ദിലീപ് അതും വിസമ്മതിച്ചു. ഫോണ്‍ ഹൈക്കോടതിക്കും അന്വേഷണ സംഘത്തിനും കൈമാറില്ലെന്ന് ദിലീപ് പറഞ്ഞു. ഫോണിലെ ഡേറ്റ ശേഖരിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണ സംഘത്തോട് സഹകരിച്ചില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.