ഗര്‍ഭിണിയെങ്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി ഇല്ല
ഗര്‍ഭിണികള്‍ക്ക് വീണ്ടും ‘നിയമന വിലക്ക്’ നടപ്പിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ശേഷം 2009ല്‍ പിന്‍വലിച്ച വിലക്കാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചത്. ഗര്‍ഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ഥി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച് നാലുമാസമാകുമ്പോള്‍ മാത്രമേ നിയമനം നല്‍കാവൂയെന്ന് നിര്‍ദേശിച്ച് ചീഫ് ജനറല്‍ മാനേജര്‍ മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. നേരത്തെ ഗര്‍ഭിണികളായി ആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. സ്ഥാനക്കയറ്റത്തിനും ഇതു ബാധകമാണ്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ബാങ്കിന്റെ എല്ലാ ലോക്കല്‍ ഹെഡ് ഓഫിസുകളിലും സര്‍ക്കിള്‍ ഓഫിസുകളിലും ലഭിച്ചു. ഡിസംബര്‍ 21ന് ചേര്‍ന്ന യോഗമാണ് നിലവിലെ വ്യവസ്ഥകള്‍ മാറ്റിയുള്ള ഈ തീരുമാനമെടുത്തതെന്ന് ഉത്തരവില്‍ പറയുന്നു.
അതുപോലെ ചില രോഗങ്ങളുള്ളവരെ പൂര്‍ണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളില്‍ ഇപ്പോള്‍ അയവുവരുത്തിയിട്ടുണ്ട്. അവയവങ്ങളെ ബാധിച്ചേക്കാവുന്നത്ര തീവ്രമായ പ്രമേഹം, രക്താതിമര്‍ദം, എന്നീ രോഗങ്ങളുള്ളവരെ അയോഗ്യരാക്കും. പുരുഷ ഉദ്യോഗാര്‍ഥികളുടെ വൃഷണത്തിന്റെ അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തണമെന്ന നിബന്ധന പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ് ബി ഐയില്‍ എഴുത്തുപരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമന പട്ടിക തയാറാക്കുന്നത്. ബാങ്കില്‍ ക്ലറിക്കല്‍ കേഡറിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്ന 2009ല്‍ നിയമനം സംബന്ധിച്ച വിജ്ഞാപനം വന്നപ്പഴാണ് ഗര്‍ഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ആറുമാസമോ അതിലേറെയോ ഗര്‍ഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തി.