500 രൂപയ്ക്ക് വാങ്ങിയ കയറു കസേര വിറ്റത് 16 ലക്ഷം രൂപയ്ക്ക്
യുകെയില്‍ നിന്നുള്ള ഒരു സ്ത്രീ ആണ് സെക്കന്‍ഡ്ഹാന്‍ഡ് സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയില്‍ നിന്നും വെറും തുച്ഛമായ തുകയ്ക്ക് വാങ്ങിയ ഒരു മരക്കസേര ഇപ്പോള്‍ ലക്ഷങ്ങള്‍ക്ക് വിറ്റത്. അന്നവര്‍ അത് 5 പൗണ്ട് കൊടുത്താണ് വാങ്ങിയത്. അതായത് നമ്മുടെ 500 രൂപ. ഇന്ന് അത് വിറ്റ് പോയതാകട്ടെ 16.4 ലക്ഷം രൂപയ്ക്കും. യുകെയിലെ ഈസ്റ്റ് സസെക്‌സിലെ ബ്രൈറ്റണിലുള്ള ഒരു കടയില്‍ നിന്നാണ് അവര്‍ കസേര വാങ്ങിയത്. എന്നാല്‍, വാങ്ങുമ്പോള്‍ അതിന്റെ പിന്നിലെ രഹസ്യം അവര്‍ അറിഞ്ഞിരുന്നില്ല. ഒരിക്കല്‍ യുവതിയുടെ വീട്ടില്‍ വന്ന ഒരു അടുത്ത ബന്ധു കസേരയില്‍ എഴുതിയിരിക്കുന്ന തീയതി ശ്രദ്ധിക്കാന്‍ ഇടയായി. ഇത് കണ്ട അയാള്‍ക്ക് കസേരയില്‍ താല്‍പ്പര്യം തോന്നി, അതിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചു. ഒടുവില്‍ യുവതി ഒരു മൂല്യനിര്‍ണ്ണയക്കാരനുമായി ബന്ധപ്പെട്ടപ്പോള്‍, കസേര ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഓസ്ട്രിയയിലെ വിയന്നയിലുള്ള അവന്റ്-ഗാര്‍ഡ് ആര്‍ട്ട് സ്‌കൂളില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി.
പ്രശസ്ത ഓസ്ട്രിയന്‍ ചിത്രകാരന്‍ കൊലോമാന്‍ മോസര്‍ 1902 -ല്‍ രൂപകല്പന ചെയ്തതാണ് ഈ കസേര. വിയന്ന സെസെഷന്‍ പ്രസ്ഥാനത്തിലെ മുന്‍നിര കലാകാരന്മാരില്‍ ഒരാളായിരുന്നു മോസര്‍. 18 -ാം നൂറ്റാണ്ടിലെ പരമ്പരാഗത ലാഡര്‍ബാക്ക് കസേരയുടെ ആധുനിക പുനര്‍വ്യാഖ്യാനമാണ് ഈ കസേര. ഇതിന്റെ മൂല്യം തിരിച്ചറിഞ്ഞതോടെ അവര്‍ ഇത് ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ എസെക്‌സിലെ സ്റ്റാന്‍സ്റ്റഡ് മൗണ്ട്ഫിച്ചറ്റിലെ സ്വോര്‍ഡേഴ്‌സ് ഓക്ഷണേഴ്സില്‍ ലേലത്തിന് വെച്ചു. ഇത് ഒരു ഓസ്ട്രിയക്കാരന്‍ പതിനാറ് ലക്ഷത്തിന് വാങ്ങി. ”വിപണന വിലയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, മാത്രമല്ല ഇത് ഓസ്ട്രിയയിലേക്ക് മടങ്ങുമെന്ന് അറിയുന്നതില്‍ പ്രത്യേകിച്ചും സന്തോഷമുണ്ട്’ ഈ കസേരയുടെ മൂല്യം തിരിച്ചറിഞ്ഞ സ്വോര്‍ഡേഴ്സിലെ വിദഗ്ധന്‍ ജോണ്‍ ബ്ലാക്ക് പറഞ്ഞു. വിറ്റവരും ആവേശഭരിതയായി എന്നദ്ദേഹം പറയുന്നു. ‘അവര്‍ ഇതിനെ കുറിച്ച് ഗവേഷണം നടത്തിയിരുന്നുവെങ്കിലും, അത് എത്രത്തോളം ശരിയാണെന്ന് അറിയില്ലായിരുന്നു. അതിനാല്‍ വിയന്ന സെസെഷന്‍ പ്രസ്ഥാനത്തിന്റെ സ്‌പെഷ്യലിസ്റ്റായ ഡോ. ക്രിസ്റ്റ്യന്‍ വിറ്റ്-ഡി റിംഗിനോട് ഞങ്ങള്‍ സംസാരിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം ഇത് കണ്ടപ്പോള്‍ തന്നെ അതിന്റെ ആധികാരികത ശരിവയ്ക്കുകയും ചെയ്തു. 120 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത് നല്ല രീതിയില്‍ സംരക്ഷിക്കപ്പെട്ടതിനെ അദ്ദേഹം പ്രശംസിച്ചു’ ബ്ലാക്ക് കൂട്ടിച്ചേര്‍ത്തു.
വിയന്ന വിഘടന പ്രസ്ഥാനത്തിന്റെ കലാപരമായ നേട്ടങ്ങളുടെ ഒരു പ്രധാന ഉദാഹരണമാണ് ഈ കസേര. 1903 -ല്‍ ‘ദാസ് ഇന്റീരിയര്‍’ എന്ന മാഗസിന്‍ ഈ കസേര ഉള്‍പ്പെടെ പുതിയ ഡിസൈനുകളുടെ ഒരു മുഴുവന്‍ പരമ്പരയും പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന്, 1904 -ല്‍ യുകെയിലെ പ്രശസ്തമായ പ്രസിദ്ധീകരണമായ ദി സ്റ്റുഡിയോയില്‍ ആധുനിക ഓസ്ട്രിയന്‍ വിക്കര്‍ ഫര്‍ണിച്ചറുകളെ കുറിച്ച് പരാമര്‍ശിക്കുന്ന ഒരു ലേഖനവും പ്രത്യക്ഷപ്പെട്ടിരുന്നു. എന്തായാലും പഴയത് എന്ന പേരില്‍ നാം വലിച്ചെറിയുന്ന പലതിനും വലിയ മൂല്യം ഉണ്ട് എന്നതിന്റെ തെളിവാണ് ഈ സംഭവം.