പബ്ജി ഭ്രാന്ത് മൂത്തു ; 14കാരന്‍ അമ്മയെയും സഹോദരങ്ങളെയും വെടിവച്ചുകൊന്നു
പാകിസ്താനിലെ ലാഹോറിലെ കാഹ്നയിലാണ് കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ സംഭവം നടന്നത്.പബ്ജി ഭ്രാന്ത് മൂത്തു അമ്മയും സഹോദരിമാരുമടക്കം കുടുംബത്തിലെ എല്ലാവരെയും 14കാരന്‍ വെടിവെച്ചു കൊന്നു. 45കാരിയായ മാതാവ് നഹീദ് മുബാറക്, 22കാരനായ സഹോദരന്‍, 17ഉം 11ഉം വയസുള്ള രണ്ട് സഹോദരിമാര്‍ എന്നിവരെയാണ് 14കാരന്‍ വെടിവച്ച് കൊന്നത്. പബ്ജി ഗെയിമില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കൊല നടത്തിയതെന്ന് കുട്ടി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മണക്കൂറുകളോളം ഓണ്‍ലൈനില്‍ ഗെയിമിനു വേണ്ടി ചെലവഴിച്ച് മാനസിക പ്രശ്നങ്ങള്‍ക്കിരയായിരുന്നു 14കാരനെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന്റെ സംരക്ഷണത്തിനായി ലൈസന്‍സോടെ നഹീദ് വാങ്ങിസൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ചായിരുന്നു 14കാരന്‍ കൃത്യം ചെയ്തത്. വെടിവയ്പ്പിനു പിന്നാലെ തോക്ക് തൊട്ടടുത്തുള്ള ഡ്രെയിനേജില്‍ ഉപേക്ഷിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടില്ല.
വിവാഹമോചിതയാണ് നഹീദ്. മക്കളെല്ലാം അവര്‍ക്കൊപ്പമാണ് കഴിയുന്നത്. പഠനത്തില്‍ ഒട്ടും ശ്രദ്ധിക്കാതെ മുഴുവന്‍ സമയവും പബ്ജി ഗെയിമുമായി കഴിയുന്നതു കാരണം 14കാരനെ നഹീദ് പലപ്പോഴും ശകാരിക്കാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസം രാത്രിയും പതിവുപോലെ അമ്മ ശകാരിച്ചപ്പോഴാണ് വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് വെടിവച്ചത്. നഹീദിനു പിന്നാലെ ഉറക്കത്തിലായിരുന്ന മൂന്നു സഹോദരങ്ങളെയും വെടിവച്ചു. എല്ലാവരും തല്‍ക്ഷണം മരിക്കുകയും ചെയ്തു. രാവിലെയാണ് വിവരം അയല്‍വാസികള്‍ അറിയുന്നത്. ഇവര്‍ നല്‍കിയ വിവരത്തിന്‍രെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി പൊലീസ് 14കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം കുറ്റം സമ്മതിക്കാന്‍ കുട്ടി തയാറായിരുന്നില്ല. വീടിന്റെ മുകള്‍നിലയിലായിരുന്നു താനെന്നും എല്ലാവരും മരിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് ഇയാള്‍ ആദ്യം പൊലീസിനോട് അവകാശപ്പെട്ടത്. കൂടുതല്‍ ചോദ്യംചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.