ജവാന്‍’ റം ഉത്പാദനം കൂട്ടണമെന്ന് ബെവ്‌കോ
സര്‍ക്കാര്‍ മേഖലയില്‍ മദ്യോല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്‌റിജസ് കോര്‍പറേഷന്‍ . ജവാന്‍ റമ്മിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നും മലബാര്‍ ഡിസ്റ്റലറി തുറക്കണമെന്നുമുള്ള ബവ്‌കോയുടെ ആവശ്യങ്ങള്‍ അടുത്ത മദ്യനയത്തില്‍ എക്‌സൈസ് വകുപ്പ് അംഗീകരിക്കുമെന്ന് സൂചന. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍ ലിമിറ്റഡില്‍ ആണ് ജവാന്‍ റം ഉല്‍പ്പാദിപ്പിക്കുന്നത്. ഉപഭോഗം വര്‍ധിച്ചെങ്കിലും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കമ്പനി. നിലവില്‍ 4 ലൈനുകളിലായി 7500 കെയ്‌സ് മദ്യമാണ് ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ 23 വെയര്‍ഹൗസുകളില്‍ വിതരണമുണ്ടെങ്കിലും ആവശ്യക്കാര്‍ക്കു പലയിടത്തും ജവാന്‍ മദ്യം ലഭിക്കുന്നില്ല.
ആറ് ഉല്‍പ്പാദന ലൈനുകള്‍ കൂടി അനുവദിക്കണമെന്നാണ് ബെവ്‌കോയുടെ ആവശ്യം. 6 ലൈന്‍ കൂടി വന്നാല്‍ പ്രതിദിനം 10,000 കെയ്‌സ് അധികം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഒരു ലൈന്‍ സ്ഥാപിക്കാന്‍ 30ലക്ഷംരൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. ഒരു ലൈനില്‍ 27 താല്‍ക്കാലിക ജീവനക്കാര്‍ എന്ന നിലയില്‍ ആറു ലൈനുകളിലായി 160ല്‍ അധികം ജീവനക്കാര്‍ വേണ്ടിവരും. സര്‍ക്കാര്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും മലബാര്‍ ഡിസ്റ്റലറീസ് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. കിറ്റ്‌കോ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പിച്ചതിന്റെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ ഷുഗേഴ്‌സില്‍നിന്ന് 3 ഏക്കര്‍ ഒഴികെയുള്ള ഭൂമി മലബാര്‍ ഡിസ്റ്റലറീസിന് കൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍, നടപടികള്‍ മുന്നോട്ടു പോയില്ല. ബെവ്‌കോയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയില്‍ മലബാര്‍ ഡിസ്റ്റലറി എത്രയും വേഗം തുറക്കാന്‍ നടപടികള്‍ ആരംഭിക്കാനാണ് എക്‌സൈസ് വകുപ്പിന്റെ ആലോചന.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള മദ്യ ബ്രാന്‍ഡ് ആണ് ജവാന്‍. ലിറ്ററിന് 600 രൂപയാണ് വില.