മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മാണം അനിവാര്യം എന്ന് കെജരിവാള്‍
മതപരിവര്‍ത്തനത്തിനെതിരെ നിയമനിര്‍മാണം അനിവാര്യമാണെന്നു ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. എന്നാല്‍ നിയമം ആരെയും ഉപദ്രവിക്കാന്‍ വേണ്ടി ആവരുതെന്നും കെജരിവാള്‍ പറയുന്നു.”മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ തീര്‍ച്ചയായും നിയമം ഉണ്ടാവണം. എന്നാല്‍ ഇതിലൂടെ ആരെയും ഉപദ്രവിക്കരുത്. അവരെ ഭയപ്പെടുത്തി മതപരിവര്‍ത്തനം നടത്തുന്നതും തെറ്റാണ്”-ജലന്ധറില്‍ പൊതുപരിപാടിയില്‍ സംസാരിക്കുമ്പോള്‍ കെജരിവാള്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിച്ച് നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. പഞ്ചാബില്‍ എ.എ.പി അധികാരത്തിലെത്തിയാല്‍ 16000 മൊഹല്ല ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും ആശുപത്രികള്‍ പുനര്‍നിര്‍മിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. ഡല്‍ഹിയെപ്പോലെ പഞ്ചാബിനും എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പുതുതായി ഒരു നികുതിയും ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.