പെണ്‍കുട്ടികളെ കാണാതായ സംഭവം ; പിടിയിലായ ഒരു യുവാവ് പോലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ നാട് വിട്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി ആണ് ചേവായൂര്‍ സ്റ്റേഷന്‍ നിന്ന് ഇറങ്ങി ഓടിയത്. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. പോലീസ് അറസ്റ്റ് ചെയ്ത ഇവര്‍ക്ക് വസ്ത്രം മാറാന്‍ സമയം നല്‍കിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിന്‍ രക്ഷപ്പെട്ടത് എന്ന് പൊലീസ് പറയുന്നു. ബെംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ ഫെബിന്റെയും കൊല്ലം സ്വദേശി ടോം തോമസിന്റെയും അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തി. പോക്‌സോ 7,8 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേര്‍ത്തുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യുവാക്കള്‍ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തി. ഇതില്‍ അഞ്ചു പേരുടെ മൊഴി നേരിട്ടും ഒരു പെണ്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അവരുടെ മൊഴി വിഡിയോ കോണ്‍ഫറന്‍സ് വഴിയുമാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച കാണാതായ ആറു പേരില്‍ ഒരാളെ ബെംഗളൂരുവില്‍ നിന്നും മറ്റൊരാളെ മൈസൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. യുവാക്കളെ ട്രെയിനില്‍ വച്ചാണ് പരിചയപ്പെട്ടതെന്ന് കുട്ടികള്‍ മഡിവാള പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പോലീസ് കാര്യമായി എടുത്തിട്ടില്ല.അടുത്ത ദിവസം തന്നെ ബാലാവകാശ കമ്മീഷന്‍ കുട്ടികളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. പെണ്‍കുട്ടികള്‍ എങ്ങനെ ബെംഗളൂരുവില്‍ എത്തിയെന്നും ആരാണ് ബാഹ്യമായ സഹായം ചെയ്തത് എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.