അട്ടപ്പാടി മധു കൊലപാതകം ; കേസില്‍ താല്പര്യം ഇല്ലാതെ പിണറായി സര്‍ക്കാര്‍

മൂക്കന്‍

അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ചു കൊന്നതിനു എന്തിനു പിണറായിയെ കുറ്റക്കാരന്‍ ആക്കുന്നു എന്ന ചോദ്യം മനസ്സില്‍ ഉയര്‍ന്നു എങ്കില്‍ നിങ്ങള്‍ താഴോട്ട് വായിച്ചിട്ട് കാര്യമില്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന നിലയില്‍ ആദിവാസി പിന്നോക്ക വിഭാഗത്തില്‍ ഉള്ള ഒരു പാവത്തിന്റെ കൊലപാതകത്തില്‍ ഇതുവരെ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എങ്കില്‍ മറുപടി പറയാന്‍ പിണറായി ബാധ്യസ്ഥനാണ്. അതും പാര്‍ട്ടിക്കാര്‍ ഇടപെട്ട കൊലപാതക കേസുകളില്‍ സി ബി ഐ അന്വേഷണം നടക്കാതിരിക്കാന്‍ കോടികള്‍ ചിലവഴിച്ചു മുന്തിയ അഭിഭാഷകരെ ഇറക്കുമതി ചെയ്യാന്‍ കാണിച്ച ആ ഉത്സാഹം മധുവിന്റെ കേസില്‍ കാണിക്കാത്തത് കൊണ്ട്. മധു ഒരാളല്ല ഒരു സമൂഹത്തിനെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയാണ്. മധുവിന്റെ കൊലപാതകം പല സത്യങ്ങളും ലോകം മനസിലാക്കാന്‍ കാരണമായി. ആദിവാസികള്‍ സുഖിച്ചു വാഴുന്ന ഇടമാണ് കേരളം എന്ന് പാടി നടന്നത് എല്ലാം നുണയായിരുന്നു എന്ന് ലോകം അരിഞ്ഞത് മധുവിന്റെ കൊലപാതകത്തിന് ശേഷമാണ്.

മധുവിനെ ആള്‍കൂട്ടം അടിച്ചു കൊന്നിട്ട് അടുത്ത മാസം നാല് വര്ഷം തികയും. കേസിലെ പ്രതികളെ എല്ലാം തിരിച്ചറിഞ്ഞിട്ടും കേസില്‍ ഇതുവരെ വാദം പോലും ആരംഭിച്ചിട്ടില്ല എന്നത് കേസിലെ സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യ കുറവ് വ്യക്തമാക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ടം മധുവിനെ തല്ലികൊന്നത്. മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായെങ്കിലും കേസിന്റെ നിയമ നടപടികളില്‍ സര്‍ക്കാര്‍ കാര്യമായി ശ്രദ്ധിച്ചില്ല. മണ്ണാര്‍ക്കാട് എസ്.സി / എസ്.ടി കോടതിയിലാണ് കേസ് നടക്കുന്നത്. ഇവിടെ ഒരു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ പോലും ഇതുവരെ സര്‍ക്കാര്‍ തയ്യറായില്ല. നൂറുകണക്കിന് കേസുകള്‍ വാദിക്കുന്ന മണ്ണാര്‍ക്കാട് എസ്.സി / എസ്.ടി കോടതിയിലെ പ്രോസിക്യൂട്ടര്‍ തന്നെ മധു വധക്കേസും വാദിക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതോടെ ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഗോപിനാഥിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. എന്നാല്‍ ഇദേഹത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞ് തല്‍സ്ഥാനത്ത് നിന്നും ഒഴിഞ്ഞു. പിന്നീട് ആക്ഷന്‍ കൗണ്‍സില്‍ നിര്‍ദേശപ്രകാരമാണ് വി.ടി. രഘുനാഥിനെ 2019 ല്‍ നിയമിച്ചത്. ഇദ്ദേഹം രണ്ടു തവണയാണ് കോടതിയില്‍ ഹാജറായത്. 2021 നവംബര്‍ 24 ന് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി കോടതിയില്‍ ഹാജറാവാന്‍ കഴിയില്ലെന്ന് രഘുനാഥ് ഡി.ജി.പിയെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ടു മാസത്തിന് ശേഷം കോടതി പ്രോസിക്യൂട്ടര്‍ എവിടെയെന്ന് ചോദിക്കുകയും, ഇത് ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനിച്ചത്. പുതിയ പ്രോസിക്യൂട്ടര്‍ മുവായിരത്തിലധികം പേജുള്ള കുറ്റപത്രം പഠിച്ച് കോടതിയില്‍ അവതരിപ്പിക്കാന്‍ ഇനിയും സമയമെടുക്കും. ഇത് കൂടാതെ പ്രതികള്‍ ആവശ്യപെട്ട രേഖകള്‍ കൈമാറാന്‍ പൊലീസ് വൈകുന്നത് കേസ് നീണ്ടു പോകുന്നതിനും കാരണമാകുന്നു.

സമീപ കാലത്ത് ചില സെലിബ്രറ്റികള്‍ ഉള്‍പ്പെട്ട കേസുകളില്‍ അത്യുത്സാഹം കാണിക്കുന്ന കേരളാ പോലീസും സര്‍ക്കാരും വിവാദമായ വാളയാര്‍ കേസില്‍ സ്വീകരിച്ച സമാനമായ നിലപാട് ആണ് മധുവിന്റെ കൊലപാതക കേസിലും എടുത്തിരിക്കുന്നത് എന്നത് വ്യക്തം. പണവും ആള്‍ ബലവും ഇല്ലാത്തവര്‍ക്ക് നീതി എന്നത് കേരളത്തില്‍ സ്വപ്നം മാത്രമായി മാറുന്നു. ഇരകളെ പോലും കടന്നാക്രമിക്കുന്ന സര്‍ക്കാര്‍ അനുകൂല സൈബര്‍ പോരാളികള്‍ ഇരകളുടെ കുടുംബങ്ങളുടെ ആത്മവിശ്വാസത്തില്‍ ആണിയടിക്കുന്ന കാഴ്ച വാളയാര്‍ പെണ്‍കുട്ടികളുടെ ‘അമ്മയ്ക്ക് നേരെ നടന്ന ആക്രമണം വ്യക്തമാക്കുന്നു. അത്തരക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. മധുവിന്റെ കാര്യത്തില്‍ ഇതുവരെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എങ്കിലും കേസില്‍ എവിടെ എങ്കിലും സര്‍ക്കാര്‍ പ്രതി സ്ഥാനത്ത് വന്നാല്‍ തീര്‍ച്ചയായും നടന്നിരിക്കും. ജയ് ഭീം പോലുള്ള സിനിമകള്‍ കണ്ടു കണ്ണീര്‍ പൊഴിച്ച പല മന്ത്രിമാരും മധുവിന്റെ നീതിയുടെ കാര്യത്തില്‍ വാ മൂടി കെട്ടിയിട്ട് വര്‍ഷങ്ങള്‍ ആയി.


മധുവിന്റെ കൊലപാതകികളുടെ കൂട്ടത്തില്‍ സി പി എമ്മിന്റെ സജീവ പ്രവര്‍ത്തകരും ഉണ്ട് എന്നതാണ് കേസ് ഇഴയാന്‍ കാരണമായി സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.കേസിലെ മൂന്നാം പ്രതി ഷംസുദ്ദീന്‍ പാലക്കാടിനെ നാളുകള്‍ക്ക് മുന്‍പ് മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഇത് വിവാദമായപ്പോള്‍ സ്ഥാനം തിരിച്ചെടുക്കുകയും ചെയ്തു. അതുപോലെ മധുവിനെ തല്ലുന്നത് ആ നാട്ടിലുള്ള ചിലരുടെ പ്രധാന വിനോദമായിരുന്നു. മധുവിന് മരിക്കുന്നതിന്റെ മുന്‍ ദിവസങ്ങളിലും മാരകമായി അടിയേറ്റു എന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രൂരമായ മര്‍ദനമേറ്റാണ് മധു മരിച്ചതെന്നും വിശദമായ പോസ്റ്റുമോര്‍ട്ടം ഫലത്തില്‍ പറയുന്നു. മധുവിന്റെ ശരീരത്തില്‍ അടിയുടെ അന്‍പതോളം പാടുകളുണ്ട്. ഇതില്‍ പകുതിയോളം മധു മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പുണ്ടായതാണ്. കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. വടികൊണ്ടുള്ള അടിയേറ്റ് മധുവിന്റെ ഒരു വാരിയെല്ല് ഒടിഞ്ഞു. ഇത് മരിച്ച ദിവസം സംഭവിച്ചതാണ്.

തലയ്ക്കും ഗുരുതരപരിക്കുണ്ട്. തലച്ചോറ് തകര്‍ന്നുള്ള നീര്‍ക്കെട്ട് അടിയേറ്റ് തലയടിച്ച് വീണപ്പോഴോ ബലമായി തല ഉറച്ച സ്ഥലത്ത് ഇടിപ്പിച്ചപ്പോഴോ ഉണ്ടായതാണ്. തലയ്ക്കേറ്റ ഈ പരിക്കാണ് പ്രധാനമായും മരണത്തിന് കാരണമായത്. നാട്ടില്‍ എവിടെയെങ്കിലും മധുവിനെ കണ്ടാല്‍ ചിലര്‍ കല്ല് എറിഞ്ഞു ഓടിക്കുമായിരുന്നു എന്ന് പറയുന്നു. മധുവിന് മാനസിക പ്രശ്‌നം ഉണ്ട് എന്ന് അറിയാവുന്നവര്‍ ആയിരുന്നു എല്ലാ നാട്ടുകാരും. ഇവരുടെ മര്‍ദനം ഭയന്നാണ് മധു പകല്‍ സമയത്ത് പുറത്തിറങ്ങാതിരുന്നത്. കാട്ടിനുള്ളില്‍ ലഭിക്കുന്ന പഴവര്‍ഗങ്ങള്‍ കഴിച്ചായിരുന്നു വിശപ്പ് അകറ്റിയിരുന്നത്. കാട്ടിനുള്ളില്‍ ഒന്നും ലഭിക്കാതെ വരുമ്പോള്‍ ആണ് നാട്ടില്‍ ഇറങ്ങിയിരുന്നത്. പലപ്പോഴും ഒന്നും ചെയ്യാതെ തന്നെ മധുവിനെ നാട്ടുകാര്‍ മര്‍ദിക്കുമായിരുന്നു. വീട്ടുകാരും മധുവിനെ ശ്രദ്ധിക്കാറില്ലായിരുന്നു എന്നാണു നാട്ടുകാര്‍ പറയുന്നത്.

ആഹാരസാധനങ്ങളുമായി വനത്തിനുള്ളിലേക്ക് പോയ മധുവിനെ ആള്‍ക്കാര്‍ക്ക് കാട്ടിക്കൊടുത്തത് വനപാലകരാണെന്നും, ഇവരുടെ സാന്നിധ്യത്തിലാണ് മധുവിനെ ജനക്കൂട്ടം ആക്രമിച്ചതെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായവര്‍ ആരോപിക്കുന്നത്. മധുവിനെ കാട്ടില്‍ നിന്നും പിടികൂടി ആര്‍പ്പുവിളികളുമായാണ് ജനക്കൂട്ടം പുറത്തേക്ക് കൊണ്ടു വന്നത്. ഈ സമയത്ത് വനംവകുപ്പിന്റെ ജീപ്പ് ജനക്കൂട്ടത്തിന് അടുത്തുണ്ടായിരുന്നു. നാലു കിലോമീറ്ററോളം നടന്ന് അവശനായ മധു കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തലവഴി വെള്ളം ഒഴിച്ചു കൊടുക്കുയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. വനത്തിനുള്ളിലുള്ള ഒരു ഗുഹയിലാണ് മധു താമസിച്ചിരുന്നത്. ഇവിടെയെത്തിയാണ് നാട്ടുകാര്‍ ഇയാളെ പിടികൂടുന്നത്. തിരിച്ചറിയല്‍ രേഖകള്‍ ഒന്നും പരിശോധിക്കാതെ നാട്ടുകാരായ പതിനാലോളം പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം.

വനത്തിനകത്ത് വച്ച് അടികൊണ്ട് അവശനായ മധുവിന്റെ തോളില്‍ ഇരുപത് കിലോയോളം ഭാരം വരുന്ന ചാക്കെടുത്ത് വച്ചു കൊണ്ടാണ് പുറത്തേക്ക് നടത്തിച്ചത്. വനംവകുപ്പ് ചെക്ക് പോസ്റ്റിലൂടെ പുറത്തേക്ക് കൊണ്ടു വന്ന മധുവിനെ പിന്നീട് ഭവാനി പുഴയിലെത്തിച്ചത് വെള്ളത്തില്‍ മുക്കി മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്. മുക്കാലി ഭാഗത്ത് മോഷണം നടത്തുന്നത് മധുവാണെന്നായിരുന്നു ഇയാളെ മര്‍ദ്ദിച്ചവരുടെ ആരോപണം. എന്നാല്‍ മുക്കാലിയിലെ കടയിലെ സിസിടിവികളില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും ഇത് മധുവല്ലെന്നുമാണ് പ്രദേശത്തെ എസ്.ടി പ്രമോട്ടേഴ്‌സ് പറയുന്നത്. അവസാനമായി കോടതി നേരിട്ട് ചോദിച്ചപ്പോള്‍ ആണ് സംസ്ഥാന സര്‍ക്കാരിന് ബോധോദയം ഉണ്ടായത്. പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെതിരെ കോടതിക്ക് തന്നെ ചോദിക്കേണ്ട അവസ്ഥ വന്നിരുന്നു. കേസിന്റെ ഓണ്‍ലൈന്‍ സിറ്റിംഗിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഇതോടെ കേസ് മാര്‍ച്ച് 26ലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ പ്രതികരണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 15ന് കേസ് പരിഗണിച്ചപ്പോളും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജനുവരി 25ലേക്ക് മാറ്റിവെച്ചത്. എന്നാല്‍ 25 നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ എത്തിയില്ല.

മധു കേസ് പരിഗണിച്ചപ്പോഴെല്ലാം ഓരോ കാരണങ്ങള്‍ പറഞ്ഞ് പ്രോസിക്യൂഷന്‍ വിചാരണ നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി മധുവിന്റെ കുടുംബവും ആരോപണം ഉന്നയിച്ചിരുന്നു. കേസിന്റെ പിന്നാലെ പോകാനും സമ്മര്‍ദം ചെലുത്താനും തങ്ങള്‍ക്ക് ആരുമില്ലെന്നും മകന് നീതി ലഭിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മ മല്ലി അന്ന് പ്രതികരിച്ചത്. പണക്കാരന്റെ എന്ത് തോന്ന്യാസങ്ങള്‍ക്കും കുടപിടിക്കുകയും പാവപ്പെട്ടവന്റെ നേരെ കുതിരകയറുകയും ചെയ്യുന്ന കേരളാ പോലീസും ആഭ്യന്തര വകുപ്പും ഇനിയും കേസില്‍ ഒളിച്ചു കളി ഇല്ലാതാക്കും എന്ന് യാതൊരു ഉറപ്പുമില്ല. വളരെ നിഷ്‌ക്കളങ്കരായ ആദിവാസികളുടെ കാടും സമ്പത്തും ആദ്യം നമ്മള്‍ തന്ത്രപൂര്‍വ്വം കൈയ്യേറി. അതും പോരാഞ്ഞിട്ട് ആദിവാസിക്ഷേമത്തിനെന്ന പേരില്‍ ഒഴുക്കിയ കോടികള്‍ അവരിലേക്ക് എത്തിക്കാതെ പലരും ധൂര്‍ത്തടിച്ചു. ഇതിന്റെ എല്ലാം ഫലമായി ഒരിക്കലും മെച്ചപ്പെട്ട ജീവിത നിലവാരത്തിലേയ്ക്ക് എത്തിപ്പെടാന്‍ കഴിയാതെ ആ പാവങ്ങള്‍ ജീവിക്കുന്നു. പേരില്‍ മാത്രം മധു ഉള്ള ജീവിതത്തില്‍ കയ്പ്പ് അനുഭവിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പാവം ആദിവാസിയുവാവിനെ ക്രൂരമായി അടിച്ചു കൊന്ന് കാലം ഇത്രയും ആയിട്ടും അതിനെതിരെ പ്രതികാരിക്കാതെ ഇപ്പോഴും യു പിയിലും ഗുജറാത്തിലും എന്ത് നടക്കുന്നു എന്ന് നോക്കിയിരിക്കുന്ന സാംസ്‌ക്കാരിക നായകന്മാരും ഉറക്കത്തിലാണ്. ഒരു കാര്യം ഉറപ്പാണ് മധുവിന് നീതി ഇനിയും പതിറ്റാണ്ടുകള്‍ അകലെയാണ്…