ഫേസ്ബുക്ക് കാമുകനൊപ്പം ഭാര്യ നാടുവിട്ടു ; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കാസര്‍കോട് ജില്ലയിലെ പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് (33) ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വൈകിട്ട് വീട്ടുവളപ്പിലാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ഭാര്യ നളിനിയെ വ്യാഴാഴ്ച രാത്രി മുതല്‍ കാണാതായിരുന്നു. ഈ സംഭവത്തില്‍ ശനിയാഴ്ച രാവിലെ ബേക്കല്‍ പൊലീസില്‍ വിനോദ് പരാതി നല്‍കി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം നളിനി ഒളിച്ചോടിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ബേക്കല്‍ പൊലീസ് യുവതിയെ ഫോണില്‍ ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.

ഉച്ചവരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്ന വിനോദിനെ ഫോണില്‍ വിളിച്ച നളിനി കാമുകനോടൊപ്പം കഴിയാനാണ് താല്പര്യമെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് സ്റ്റേഷനില്‍നിന്ന് മടങ്ങിയെത്തിയ വിനോദ് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.