നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു RSS പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

കണ്ണൂര്‍ പെരിങ്ങോം ആലക്കാട്ടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജുവിനാണ് ബോംബ് പൊട്ടി പരിക്കേറ്റത്.വീട്ടില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ആണ് ബിജുവിന്റെ കൈപ്പത്തി തകര്‍ന്നത്. രണ്ടു വിരലുകള്‍ സ്‌ഫോടനത്തില്‍ അറ്റുപോയി. സിപിഎം നേതാവ് ധനരാജിനെ വധിച്ച കേസിലെ പ്രതിയാണ് ബിജു. ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇതിന് മുന്‍പും ബിജുവിന്റെ വീട്ടില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ പെരിങ്ങോം എസ് ഐയും സംഘവും സ്ഥലത്തെത്തുന്നതിന് തൊട്ടുമുമ്പ് ബിജു ഒരു വാഹനത്തില്‍ കയറി പോയി.

ഗുരുതരമായി പരിക്കേറ്റ ബിജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജുവിന്റെ ഇടത് കൈയിലെ രണ്ട് വിരലുകളാണ് അറ്റുപോയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനി രാത്രിയോടെയാണ് വീട്ടില്‍നിന്ന് സ്‌ഫോടനശബ്ദം കേട്ടതെന്ന് സമീപവാസികള്‍ പറയുന്നു. നിര്‍മാണത്തിനിടയിലോ മുമ്പ് സൂക്ഷിച്ചുവച്ച ബോംബോ പൊട്ടിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.