മൂന്നാറില്‍ ട്രക്കിങ്ങിനിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു

മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറയില്‍ ആണ് അത്യാഹിതം ഉണ്ടായത്. വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പാറക്കെട്ടില്‍ വീണു മരിക്കുകയായിരുന്നു. ചേലാട് സ്വദേശി വൈലിപ്പറമ്പില്‍ ഷിബിനാണ് മരിച്ചത്. അപകടം നടന്ന ശേഷം ഷിബിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ പതിനേഴംഗ സംഘത്തിലെ യുവാവാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഷിബിന്‍ ഉള്‍പ്പെടുന്ന വിനോദ സഞ്ചാര സംഘം ശനിയാഴ്ച്ച മൂന്നാറിലെത്തിയിരുന്നു.

രാത്രിയില്‍ കരടിപ്പാറക്ക് സമീപമായിരുന്നു ഇവര്‍ താമസം ക്രമീകരിച്ചിരുന്നത്.ഞായറാഴ്ച്ച പുലര്‍ച്ചെ ഇവര്‍ താമസിച്ചിരുന്നതിന് സമീപമുള്ള പാറക്കെട്ടിലേക്ക് യുവാവും മറ്റും നടന്ന് പോയതായാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനിടയിലാണ് യുവാവ് അപകടത്തില്‍പ്പെട്ടതും മരണം സംഭവിച്ചതും. അപകടത്തില്‍പ്പെട്ട യുവാവിനെ കൂടെയുണ്ടായിരുന്നവരും സമീപവാസികളും ചേര്‍ന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വെള്ളത്തൂവല്‍ പോലീസ് സംഭവത്തില്‍ തുടര്‍ നടപടി സ്വീകരിച്ചു.