‘ലോകായുക്ത’ വിവാദ പ്രസ്താവനകള്‍ വിടാതെ ജലീല്‍
ലോകായുക്തിയ്‌ക്കെതിരെ വിവാദ പ്രസ്താവനകള്‍ തുടര്‍ന്ന് കെ ടി ജലീല്‍ എം എല്‍ എ. ലോകായുക്തയായി സിറിയക് ജോസഫിനെ നിയമിക്കുന്ന സമയത്ത് നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളുവെന്നും ഒരു മാന്യന്‍ എത്ര നിര്‍ബന്ധിച്ചിട്ടും പദവി ഏറ്റെടുത്തില്ലെന്നും ജലീല്‍ പറഞ്ഞു. അതിനാല്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ സര്‍ക്കാര്‍ സിറിയക് ജോസഫിനെ നിയമിക്കുകയായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അതുകൊണ്ട് തന്നെ ലോകായുക്തയെ നിയമിച്ചത് ഇടത് സര്‍ക്കാരാണെന്ന കാരണം ചൂണ്ടികാട്ടി ആരും ഇടതുപക്ഷ പ്രവര്‍ത്തകരുടെ നെഞ്ചത്ത് കയറണ്ടന്നും ജലീല്‍ കുറിച്ചു.
ലോകായുക്ത നിയമനം നടന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തല്ലേ എന്ന് ചോദിക്കുന്നവരോട്. അന്ന് നിലവിലെ നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു മാന്യന്‍ എത്ര നിര്‍ബന്ധിച്ചിട്ടും പദവി ഏറ്റെടുക്കാന്‍ തയ്യാറാകാതെ തന്റെ വിസമ്മതം അറിയിച്ചു. പിന്നെ ശേഷിച്ചയാളെ നിയമിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ ഇല്ലായിരുന്നു. ഇനി അതും പറഞ്ഞ് ഇടതുപക്ഷ പ്രവര്‍ത്തകരുടെ നെഞ്ചത്ത് ആരും കയറണ്ട. ഫേസ്ബുക്കില്‍ ജലീല്‍ പറയുന്നു. അതിനിടെ ലോകായുക്തക്കെതിരായ ആക്ഷേപത്തില്‍ മുന്‍ മന്ത്രി കെടി ജലീലിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കാന്‍ ലോകായുക്തയില്‍ ഹര്‍ജിയെത്തി.
ലോയോഴ്‌സ് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് രാജീവ് ചാരാച്ചിറയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ ലോകായുക്തയെന്ന ജുഡീഷ്യല്‍ സംവിധാനത്തിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് ഹര്‍ജി. അതിനാല്‍ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണമെന്നാണ് ആവശ്യം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ചെയ്യാന്‍ മടിക്കാത്ത ആളാണെന്നടക്കം ജലീല്‍ ആരോപണമുന്നയിച്ചിരുന്നു.. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സഹോദര ഭാര്യ ജാന്‍സി ജെയിംസിന് വിസി പദവി വിലപേശി വാങ്ങിയെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ വിമര്‍ശിച്ചിരുന്നു.