മീഡിയവണിന്റെ സംപ്രേഷണ വിലക്ക് നീക്കി

പ്രമുഖ മലയാളം ന്യുസ് ചാനല്‍ ആയ മീഡിയവണിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത് നീക്കി. മീഡിയവണ്‍ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ തത്സമയ സംപ്രേഷണം പുനരാരംഭിച്ചു. രണ്ടു ദിവസത്തേക്കാണ് കേന്ദ്രനടപടി ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസ് എന്‍. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടല്‍ പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹരജി വീണ്ടും പരിഗണിക്കാന്‍ ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞത്. നടപടിയുടെ വിശദാംശങ്ങള്‍ മീഡിയവണിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.

അതേസമയം മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചു. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം നിര്‍ത്തിവെപ്പിച്ചത്. ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി വരുതിയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മീഡിയവണിന്റെ സംപ്രേഷണം നിര്‍ത്തിവെയ്ക്കാന്‍ നല്‍കിയ നിര്‍ദേശം അപലപനീവും പ്രതിഷേധാര്‍ഹവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണം വീണ്ടും തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മതിയായ കാരണങ്ങള്‍ പറയാതെയാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. എന്ത് കാരണത്താല്‍ സംപ്രേഷണം തടഞ്ഞു എന്നത് വ്യക്തമാക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. അപ്രിയമായ വാര്‍ത്തകളോട് അസഹിഷ്ണുത കാട്ടുന്ന സംഘപരിവാര്‍ നയമാണ് മീഡിയവണിന്റെ പ്രക്ഷേപണം തടയുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാകുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരായ ഫാഷിസ്റ്റ് നടപടിയാണ് മീഡിയവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ വിലക്കെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടം വരുന്ന ഒരു നടപടിയും മീഡിയവണ്‍ ചാനലിന്റെ ഭാഗത്ത് നിന്നും നാളിതുവരെ ഉണ്ടായിട്ടില്ല. വിമര്‍ശന ശബ്ദങ്ങളെ നിശബ്ദമാക്കുന്ന ഫാസിസ്റ്റ് നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എം എം ഹസന്‍ പറഞ്ഞു. മീഡിയവണ്‍ വാര്‍ത്താചാനലിന്റെ പ്രക്ഷേപണം നിര്‍ത്തിവെയ്പ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കനത്ത വെല്ലുവിളിയാണിത്. കേന്ദ്ര സര്‍ക്കാരിനെതിരെ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അവരെ ദേശവിരുദ്ധരായി മുദ്രകുത്തുകയും അതിന്റെ മറവില്‍ ഒരു ചാനലിന്റെ പ്രക്ഷേപണം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്ത നടപടി ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത്തരം മാധ്യമ സ്വാതന്ത്ര്യ വിരുദ്ധ നടപടികള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കാനം രാജേന്ദ്രന്‍ പൊതുസമൂഹത്തോട് അഭ്യര്‍ഥിച്ചു.