മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് കടിയേറ്റു
മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷ് ഗുരുതരാവസ്ഥയില്‍. കോട്ടയം ചങ്ങനാശേരിക്ക് അടുത്ത് കുറിച്ചി എന്ന സ്ഥലത്തുവെച്ചാണ് അപകടം ഉണ്ടായത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിനെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാവ സുരേഷിന്റെ കാലിലാണ് കടിയേറ്റത്. ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ് വാവ സുരേഷിനെ പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവം അറിഞ്ഞു മന്ത്രി വി എന്‍ വാസവന്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.പിടികൂടിയ പാമ്പിനെ ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പ് വാവ സുരേഷിന്റെ കാലില്‍ കടിച്ചത്.
വലത് കാലിന്റെ തുടയിലാണ് കടിയേറ്റത്. ഇതോടെ വാവ സുരേഷ് പാമ്പിന്റെ പിടി വിടുകയും ചെയ്തു. പാമ്പ് ആള്‍ക്കൂട്ടത്തിലേക്ക് ഇഴയാന്‍ തുടങ്ങി. ഇതോടെ കൂടി നിന്ന ആളുകള്‍ ചിതറിയോടി. ചിലര്‍ തള്ളി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പിനെ രാവിലെ മുതല്‍ കണ്ടുവെങ്കിലും നാട്ടുകാര്‍ക്ക് പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്.