ബജറ്റ് 2022 ; ഇന്ധനവില കൂടും ; മൊബൈല്‍ ഫോണുകള്‍ക്കും വസ്ത്രങ്ങള്‍ക്കും വില കുറയും
ബജറ്റില്‍ കുട, ഇറക്കുമതി ചെയ്ത വസ്തുക്കള്‍ എന്നിവയ്ക്ക് വില കൂടും. ഇന്ധനവില ഉയരും. എഥനോള്‍ ചേര്‍ക്കാത്ത ഇന്ധനത്തിന് 2 രൂപ അധിക എക്സൈസ് തീരുവ ചുമത്തും. എഥനോള്‍ മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകള്‍ക്കും രത്നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ചുശതമാനമാക്കി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇ-കൊമേഴ്സിലൂടെ ആഭരണ കയറ്റുമതി ഉയര്‍ത്തുന്നതിനായി ഈ വര്‍ഷം ജൂണ്‍ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. 92 മിനിറ്റാണ് നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗം നീണ്ടത്. ഇതുവരെയുള്ള മന്ത്രിയുടെ ഏറ്റവും ചെറിയ പ്രസംഗമാണിത്. 2020 ലെ പ്രസംഗം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഒന്നായി 2 മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്നു.
സമ്പദ്വ്യവസ്ഥയിലെ കുത്തനെയുള്ള തിരിച്ചുവരവിന്റെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക വര്‍ഷം രാജ്യം 9.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിര്‍മല സീതാരാമന്‍ പറഞ്ഞു. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്, 2022-23 ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുമെന്ന് ധനമന്ത്രി തന്റെ നാലാമത്തെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ക്രിപ്റ്റോകറന്‍സി പോലുള്ള വെര്‍ച്വല്‍, ഡിജിറ്റല്‍ അസറ്റുകള്‍ വില്‍ക്കുന്നതിനോ ഏറ്റെടുക്കുന്നതിനോ ഉള്ള വരുമാനത്തിന് 30 ശതമാനം നികുതിയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നികുതി സ്ലാബുകളില്‍ മാറ്റങ്ങളൊന്നുമില്ലെങ്കിലും, പുതുക്കിയ ആദായനികുതി റിട്ടേണുകള്‍ ഇപ്പോള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഫയല്‍ ചെയ്യാമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു, ഇത് നികുതിദായകര്‍ക്ക് കുറച്ച് ആശ്വാസം നല്‍കുന്നു.ഇലക്ട്രോണിക്സ് പാര്‍ട്സുകള്‍ക്കും കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വസ്ത്രങ്ങള്‍, വജ്രം-രത്നക്കല്ലുകള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ക്കായുള്ള രാസവസ്തുക്കള്‍, സ്റ്റീല്‍ സ്‌ക്രാപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, മുതലായവയ്ക്ക് വിലകുറയും.
ഡിജിറ്റല്‍ ആസ്തിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന എല്ലാ അവ്യക്തതകളും ധനമന്ത്രി പരിഹരിക്കുമെന്ന പ്രതീക്ഷയാണ് പുതിയ നിക്ഷേപകര്‍ക്കുണ്ടായിരുന്നത്. ക്രിപ്റ്റോ നിരോധനം ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്ന ആശങ്കള്‍ മങ്ങുന്നതിനൊപ്പം ക്രിപ്റ്റോ കറന്‍സിയെ അസറ്റ് ക്ലാസായി പരിഗണിക്കുമെന്ന പ്രതീക്ഷയും ഏറി വന്നിരുന്നു. ഡിജിറ്റല്‍ ആസ്തികളെ ഇനിയും പരിഗണിക്കാതിരിക്കാനാകില്ല എന്ന സാഹചര്യമാണ് സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നത്. ബജറ്റില്‍ ഡിജിറ്റല്‍, വെര്‍ച്വല്‍ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതി ഈടാക്കാനുള്ള തീരുമാനമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചത്. നികുതി തുക ഉയര്‍ന്നതാണെങ്കിലും ഡിജിറ്റല്‍ ആസ്തി മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണ് ഇതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.