തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന വാദത്തില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍
സിനിമാ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന വാദത്തില്‍ ഉറച്ചു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അടച്ചിട്ട എസി ഹാളുകളില്‍ ആളുകള്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊവിഡ് വ്യാപനസാധ്യത വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തിയറ്ററുകളോട് സര്‍ക്കാര്‍ വിവേചനം കാണിച്ചിട്ടില്ല. മാളുകളില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാളുകളിലും മറ്റും ആള്‍ക്കൂട്ടമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്ട്രേറ്റ്മാരെ നിയോഗിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.
സ്വിമ്മിങ് പൂളുകളിലും ജിമ്മുകളിലും കൊവിഡ് വ്യാപന സാധ്യത കൂടുതലാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തിയറ്ററുകള്‍ക്കും മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പൊതുജനാരോഗ്യം കണക്കിലെടുത്തെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സി കാറ്റഗറി ജില്ലകളിലെ തിയറ്ററുകള്‍ അടച്ചിടുന്നതിനെതിരെ തിയറ്ററുടമകള്‍ രംഗത്തെത്തിയിരുന്നു.തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്, തിരുവനന്തപുരം സ്വദേശിയായ തിയേറ്റര്‍ ഉടമ നിര്‍മ്മല്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ക്ലബ്ബുകള്‍ ജിംനേഷ്യങ്ങള്‍, പാര്‍ക്കുകള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ക്കും ഇളവ് അനുവദിക്കണമെന്നും തീരുമാനം വിവേചനപരമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടയ്ക്കുന്നതിനെതിരെ ആരോഗ്യമന്ത്രിയ്ക്ക് ഫെഫ്കയുടെ കത്ത്. സി കാറ്റഗറിയിലുള്ള ജില്ലകളില്‍ തിയേറ്ററുകള്‍ മാത്രം അടച്ചുപൂട്ടുന്നതില്‍ പുനരാലോചന വേണമെന്നാണ് ആവശ്യം. മാളുകളും ബാറുകളും തുറന്നിടുബോള്‍ തിയേറ്ററുകള്‍ അടച്ചിടുന്നതിന്റെ യുക്തിയെന്തെന്നും ഫെഫ്ക ചോദിയ്ക്കുന്നു. തിയേറ്ററുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമെ പ്രവേശനം അനുവദിച്ചിട്ടൊള്ളു. ഒരു ഡോസെങ്കിലും വാക്സിനെടുക്കണമെന്നതും നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ തിയെറ്ററിലാണ് രോഗവ്യാപന സാധ്യത കുറവെന്നും ഫെഫ്ക ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. മുഖങ്ങള്‍ സ്‌ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനിയങ്ങള്‍ ഓഡിറ്റോറിയത്തിനുള്ളില്‍ വിതരണം ചെയ്യപ്പെടുന്നില്ല. ഇതെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളില്‍ നിന്നും, ബാറുകളില്‍ നിന്നും, സ്പാ, സലൂണുകളില്‍ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ടെന്നും കത്തില്‍ വിവരിക്കുന്നു.