സില്‍വര്‍ലൈന്‍ കേരളത്തിന് തിരിച്ചടി ; ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം
പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് തത്കാലം അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം. കേരളം സമര്‍പ്പിച്ച ഡി പി ആര്‍ അപൂര്‍ണമാണെന്നത് അടക്കമുള്ള കാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാണിച്ചത്. പദ്ധതി സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമാണോയെന്ന് ഡി പി ആറില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി റിപ്പോര്‍ട്ടില്ലെന്നും കേന്ദ്രം എം പിമാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പരിസ്ഥിതിആഘാത പഠനം നടന്നിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തില്‍ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പദ്ധതിക്ക് ഏതെങ്കിലും വിധത്തിലുള്ള കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് എം പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനോട് രേഖാമൂലം ആരായുകയായിരുന്നു. നിലവില്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് തന്നെയാണ് ഇപ്പോള്‍ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇല്ലാത്ത പദ്ധതിക്കായി കല്ലിട്ടതിന് സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് മറുപടി ലഭിച്ച ശേഷം കെ മുരളീധരന്‍ എം പി പ്രതികരിച്ചു. സാമൂഹിക ആഘാതപഠനവും പരിസ്ഥിതി ആഘാതപഠനവും നടത്താതെ സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡി പി ആര്‍ പുറത്തിറക്കിയതിനെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഡാറ്റ തിരിമറി നടത്തി ജപ്പാനിലെ ജൈക്കയില്‍ നിന്നും ചരടുകളോടെ വായ്പ വാങ്ങാന്‍ മാത്രമായി തട്ടിക്കൂട്ടിയ ഡിപിആറാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന. കേരളത്തെ രണ്ടായി വിഭജിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈനെന്നായിരുന്നു മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞത്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതി. കേരള റെയില്‍ ഡെവലപ്‌മെന്റ കോര്‍പ്പറേഷനാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഈ കമ്പനിയില്‍ കേരള സര്‍ക്കാരിനും റെയില്‍വേയ്ക്കും തുല്യപങ്കാളിത്തമാണ്. പദ്ധതിക്കായി സര്‍ക്കാര്‍ ഭൂമിയും റെയില്‍വേ ഭൂമിയും സ്വകാര്യഭൂമിയും ഉപയോഗിക്കുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിലെ റെയില്‍വേയെ എങ്ങനെ ബാധിക്കും എന്നറിയണം. പദ്ധതിക്ക് അനുബന്ധമായി എത്ര റെയില്‍വേ ക്രോസിംഗുകള്‍ വരുമെന്നും അറിയണം. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് റിപ്പോര്‍ട്ട് തരണമെന്നും കെ റെയില്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ എളമരം കരീം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ റെയില്‍വേ മന്ത്രിയെ കണ്ടപ്പോള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങളും സംശയങ്ങളും റെയില്‍വേ മന്ത്രി പങ്കുവച്ചിരുന്നു. അക്കാര്യങ്ങളില്‍ വ്യക്തമായ മറുപടി വൈകാതെ സംസ്ഥാനം നല്‍കും. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും കരീം പറഞ്ഞു.