വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ ക്വറന്റീന്‍ ഒഴിവാക്കും ; സ്‌കൂള്‍ തുറക്കാന്‍ തീരുമാനം
പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ്രോ ഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് തീരുമാനം. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂവെന്നും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലകളുടെ കാറ്റഗറികളില്‍ മാറ്റം. പുതിയ തീരുമാനം അനുസരിച്ച് കൊല്ലം ജില്ല മാത്രമാണ് കൂടുതല്‍ നിയന്ത്രണമുള്ളത്. കാറ്റഗറി ‘ബി’ യില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ കാറ്റഗറി ‘എ’ യില്‍പ്പെടും. കാസര്‍ഗോഡ് ഒരു കാറ്റഗറിയിലും വരുന്നില്ല. അതേസമയം ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാനും തീരുമാനമായി പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും. എല്ലാ ആരാധനാലയങ്ങളിലും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തില്‍ ഏകീകൃത നില സ്വീകരിക്കും. പരമാവധി 20 പേരെ അനുവദിക്കും. നിയന്ത്രണങ്ങളുള്ള ഫെബ്രുവരി 6 ഞായറാഴ്ചയിലും ഇത് ബാധകമാണ്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഈ വര്‍ഷവും പൊങ്കാലയിടുന്നത് വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
മൂന്നാം തരംഗ തീവ്രത കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോ?ഗവ്യാപനത്തോത് നന്നായി കുറയുന്നുണ്ട്. രോഗവ്യാപന നിരക്ക് 10% ആയി കുറഞ്ഞുവെന്നു ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് മരണ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. പ്രവാസികളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ക്വറന്റീന്‍ ഒഴിവാക്കിയ നടപടിയുമായി മുന്നോട്ടു പോയതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ വിഷയങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം ഇങ്ങനെയാണ്. ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് കൂടിയായിരിക്കണം ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് ലക്ഷണം ഉള്ളവര്‍ക്ക് മാത്രം പരിശോധന മതിയെന്നാണ് കേന്ദ്ര നിര്‍ദേശം. മരണനിരക്ക് കൂടുന്നുണ്ടോ എന്നത് മരണ തിയതി നോക്കി പരിശോധിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.