സില്‍വര്‍ ലൈനിനായി ഇപ്പോള്‍ ഭൂമിയേറ്റെടുക്കേണ്ടതില്ല ; പദ്ധതിക്ക് അന്തിമാനുമതി നല്‍കിയിട്ടില്ല എന്ന് റെയില്‍വേ

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി നല്‍കിയതെന്ന് ഹൈക്കോടതിയില്‍ റെയില്‍വേ. പദ്ധതിയുടെ ഡിപിആര്‍ ഇപ്പോഴും റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. എന്നാല്‍ ഇപ്പോഴും ഡിപിആറിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും റെയില്‍വേ വ്യക്തമാക്കി. ഡിപിആറിന് അനുമതി നല്‍കാത്തതിനാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതാണ് നല്ലതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പദ്ധതിയുടെ സാങ്കേതിക സാധ്യത സംബന്ധിച്ച് ഡിപിആറില്‍ ഒന്നും പറയുന്നില്ല. അലൈന്‍മെന്റ് പ്ലാന്‍ ഉള്‍പ്പടെ വിശദമായ സാങ്കേതിക സാധ്യത റിപ്പോര്‍ട്ട് നല്‍കാന്‍ കെറെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം സില്‍വര്‍ ലൈന്‍ പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വേ നടത്താന്‍ എന്ത് തടസമാണുള്ളതെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുമ്പോള്‍ ചോദിച്ചു. സര്‍വ്വേ നടത്താന്‍ നിയമപരമായ തടസം ഇല്ലല്ലോ എന്നും കോടതി ചോദിച്ചു. സര്‍വെ നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് നിരീക്ഷിച്ച കോടതി പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സര്‍വെ ആന്റ് ബൗണ്ടറിആക്ട് പ്രകാരം സര്‍വെ നടത്താമെന്നും അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വേ തടത്ത സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിര്‍ണായകമായ നിരീക്ഷണം നടത്തിയത്.