ശിവശങ്കരന് എതിരെ സ്വപ്ന ; എല്ലാം ശിവശങ്കരന്റെ അറിവോടെ എന്ന് വെളിപ്പെടുത്തല്‍
പുസ്തകം പുറത്തു വന്നതിനു പിന്നാലെ പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ച് സ്വപ്നയും രംഗത്തു. കേരളം ഞെട്ടിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റാരോപിതരായി അഴികള്‍ക്ക് ഉള്ളിലായ രണ്ടുപേര്‍ നേര്‍ക്ക് നേര്‍ വരുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കണ്ടത്. ആത്മകഥയിലെ ചില വെളിപ്പെടുത്തലുകളാണ് സ്വപ്ന മൗനം വെടിയാന്‍ കാരണമായത്. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ എഴുതിയെങ്കില്‍ മോശമാണ്. ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ശിവശങ്കറിന്റെ ആത്മകഥ വായിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സ്വപ്ന പറഞ്ഞു.
യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിച്ചെന്ന വാദം തെറ്റാണെന്നും സ്വപ്ന പറഞ്ഞു. സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി നേടാന്‍ ശുപാര്‍ശ ചെയ്തത് ശിവശങ്കറാണ്. എന്റെ കഴിവ് കണ്ടാണ് ജോലി തന്നത്. അല്ലാതെ ഡിഗ്ര കണ്ടെന്നും സ്വപ്ന വ്യക്തമാക്കി. താന്‍ ചതിച്ചെന്ന് ശിവശങ്കര്‍ പറയുമെന്ന് കരുതിയില്ലെന്നും തന്റെ വ്യക്തിത്വം ചോദ്യം ചെയ്ത് ആരും ക്ലീന്‍ ചീറ്റ് നേടേണ്ടെന്നും സ്വപ്ന പറഞ്ഞു. താന്‍ മാത്രം നല്ലത് എന്ന് വരുത്താന്‍ ശ്രമിക്കുന്നത് നല്ലതാണോ എന്നും സ്വപ്ന ചോദിച്ചു. തന്നെ ചൂഷണം ചെയ്തു. താന്‍ ഇരയാണെന്നു സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചു.
ശിവശങ്കറുമായി അടുപ്പത്തിലായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. കോണ്‍സുലേറ്റില്‍ നിന്ന് എന്നോട് മാറാന്‍ പറഞ്ഞതും സ്‌പേസ് പാര്‍ക്കില്‍ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.അദ്ദേഹത്തെ പോലെ മുതിര്‍ന്നൊരു ഐഎഎസ് ഉദ്യോഗസ്ഥന് ഐഫോണ്‍ കൊടുത്ത് ചതിക്കാന്‍ മാത്രം സ്വപ്ന സുരേഷ് എന്ന താന്‍ വളര്‍ന്നിട്ടില്ല. എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനമാത്തെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള എന്തേങ്കിലും ആത്മകഥയിലുണ്ടെങ്കില്‍ അത് ശരിയായില്ല. ആരെയും ദ്രോഹിക്കാനും ചെളിവാരിയെറിയാനും താന്‍ താത്പര്യപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഐഫോണ്‍ മാത്രമല്ല, ശിവശങ്കരന് ഒരുപാട് സമ്മാനം താന്‍ നല്‍കിയിട്ടുണ്ട്. പേഴ്‌സണല്‍ കംപാനിയന്‍ എന്ന നിലയിലായിരുന്നു അദ്ദേഹം തന്റെ ജീവിത്തില്‍. കിട്ടിയ സമ്മാനങ്ങളില്‍ ഐ ഫോണിന്റെ കാര്യം മാത്രം പറഞ്ഞത് ശരിയായില്ല. പൊതുജനത്തെ വിശ്വസിപ്പിക്കാന്‍ എന്തെങ്കിലും പറയാനാണെങ്കില്‍ താനും പുസ്തകം എഴുതാമെന്നും സ്വപ്ന പറഞ്ഞു. എന്നെ അറിയില്ല എന്ന് പറയുന്ന ആളില്‍ നിന്ന എന്തു പ്രതീക്ഷിക്കാനാണ്. ഞാന്‍ ഒന്നേകാല്‍ വര്‍ഷം ജയിലില്‍ കിടന്നു. ആത്മകഥ എഴുതുകയാണ് എങ്കില്‍ ശിവശങ്കര്‍ സാറിനെ കുറിച്ചുള്ള പലതും എനിക്കെഴുതേണ്ടി വരും. അത് ഇതിനേക്കാള്‍ ബെസ്റ്റ് സെല്ലിങ്-അവാര്‍ഡ് വിന്നിങ് പുസ്തകമാകും.
ഇതുവരെ ഞാന്‍ മാധ്യമങ്ങളുടെ മുമ്പില്‍ വന്നിട്ടില്ല. സ്വപ്ന സുരേഷിനെ ജനം മറക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് രണ്ട് മക്കളുണ്ട്. എല്ലാ വിഴുപ്പും ഒരു സ്ത്രീയെ കിട്ടിയപ്പോള്‍ കെട്ടിവച്ചില്ലേ. തീവ്രവാദം, കള്ളക്കടത്തുകാരി എന്നു പറഞ്ഞ് എന്നെ ജയിലിലിട്ടുണ്ട്. ഞാന്‍ ഇരയാണ്. എനിക്കിനി ജോലി കിട്ടില്ല. എന്നെ ചൂഷണം ചെയ്യുകയായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും എവിടെയാണ് ഡോളറും സ്വര്‍ണവും. എനിക്ക് ആസ്തിയായി ഒന്നുമില്ല. ലോകം തന്ന ചീത്തപ്പേരു മാത്രമാണ് ആസ്തിയായുള്ളതെന്ന് അവര്‍ വ്യക്തമാക്കി.