ധനികരുടെ പട്ടികയില്‍ അംബാനിക്കും അദാനിക്കും പിന്നിലായി സക്കര്‍ബെര്‍ഗ്
മെറ്റാ ഓഹരികള്‍ വിപണിയില്‍ നേരിട്ട കനത്ത തിരിച്ചടിയെത്തുടര്‍ന്ന് ധനികരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും താഴേക്ക് പിന്തള്ളപ്പെട്ട് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. സക്കര്‍ബര്‍ഗിന് ഒറ്റയടിക്ക് 31 ബില്യണ്‍ ഡോളറിന്റെ നഷ്ടം സംഭവിച്ചുവെന്നാണ് ഫോര്‍ബ്സ് ഡാറ്റ പറയുന്നത്. ധനികരെ അവരുടെ റിയല്‍ ടൈം സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ച ഫോര്‍ബ്സിന്റെ ലൈവ് പട്ടികയിലാണ് അദാനിയും അംബാനിയും സക്കര്‍ബര്‍ഗിനെ പിന്നിലാക്കിയത്. 91 ബില്യണ്‍ ഡോളര്‍ റിയല്‍ ടൈം ആസ്തിയോടെ അദാനിയും 89.2 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ അംബാനിയും മുന്നിലെത്തിയപ്പോള്‍ 82.9 ബില്യണ്‍ ആസ്തിയുള്ള സക്കര്‍ബെര്‍ഗ് പട്ടികയില്‍ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആപ്പിളിന്റെ ഡാറ്റ ഷെയറിംഗ് നയം ഉള്‍പ്പെടെയുള്ളവ ഫേസ്ബുക്കിന് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. സ്വകാര്യത പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ മൂലം 2021ല്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. മെറ്റ ഓഹരികളില്‍ 26 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഉണ്ടായിട്ടുള്ള ഏറ്റവും കനത്ത നഷ്ടമാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിന് ഉണ്ടായത്.ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. ആമസോണ്‍ വരുമാനത്തില്‍ 20 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായെന്നാണ് ബ്ലൂംബെര്‍ഗിന്റെ കണക്ക്. ടെസ്ല ഉടമ എലോണ്‍ മസ്‌കിന് 232 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് ഫോര്‍ബ്സ് മാസികയുടെ കണ്ടെത്തല്‍.നിലവില്‍ ഏഷ്യയിലെ ഏറ്റവും സമ്പന്നരായ ബിസിനസുകാരാണ് അംബാനിയും അദാനിയും. ഗൗതം അദാനിയാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി. ലോകത്തിലെ ഏറ്റവും ധനികരുടെ ഫോര്‍ബ്സ് പട്ടികയില്‍ അദാനിയുടെ സ്ഥാനം പത്താണ്. തൊട്ടുപിന്നില്‍ 11-ാം സ്ഥാനത്ത് മുകേഷ് അംബാനിയുമുണ്ട്.