ഗൂഗിള്‍ ക്രോമിന്റെ ലോഗോയില്‍ മാറ്റം ; മാറ്റം നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം
എട്ട് വര്‍ഷത്തിനു ശേഷം ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ ലോഗോയില്‍ മാറ്റം. ഗൂഗിളിന്റെ നിലവിലെ ബ്രാന്‍ഡുമായി മികച്ച രീതിയില്‍ പൊരുത്തപ്പെടാന്‍ ഉദ്ദേശിച്ചുള്ള ലളിതമായ ലോഗോ സ്വീകരിക്കുന്നു എന്നാണ് കമ്പനി ഡിസൈനര്‍ പറഞ്ഞത്. പക്ഷേ, ലോഗോയിലെ മാറ്റം അത്ര പെട്ടെന്ന് കണ്ടുപിടിക്കാനും കഴിയില്ല. 2008ലാണ് ആദ്യത്തെ ക്രോം ലോഗോ എത്തിയത്. 2011ല്‍ ഇത് നവീകരിച്ച് വീണ്ടും അവതരിപ്പിച്ചു. 2014 ലാണ് ലോഗോ അവസാനമായി പരിഷ്‌കരിച്ചത്. വൃത്താകൃതിയിലുള്ള, നാല്-വര്‍ണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡിസൈന്‍. എന്നാല്‍, പലപ്പോഴും സൂക്ഷ്മമായ ചില മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിരുന്നത്.
പുതിയ ലോഗോയ്ക്കും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുക. ലോഗോയിലെ നിറങ്ങള്‍ക്ക് തിളക്കമുണ്ട്, മധ്യഭാഗത്ത് ഒരു വലിയ നീല വൃത്തമുണ്ട്, കൂടുതല്‍ നിഴലുകള്‍ ഇല്ല എന്നതുമാണ് മാറ്റങ്ങള്‍. ക്രോമിന്റെ മിതമായ മാറ്റം ഉപയോക്താക്കള്‍ക്ക് ഒരുപക്ഷേ ആശയക്കുഴപ്പമുണ്ടാക്കില്ല. ഇതിനിടെ കമ്പനി ക്രോമിന്റെ കാനറി ടെസ്റ്റ് പതിപ്പില്‍ മാറ്റം വരുത്താന്‍ തുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളില്‍ ഇതിന്റെ ഡവലപ്പര്‍, ബീറ്റാ, മറ്റുപതിപ്പുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനലിറ്റിക്‌സ് സ്ഥാപനമായ സ്റ്റാറ്റ് കൗണ്ടര്‍ അനുസരിച്ച് വെബ് ഉപയോക്താക്കളില്‍ 63 ശതമാനവും ക്രോം ആണ് ഉപയോഗിക്കുന്നത്.