വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസ ജയം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ അനായാസ ജയം നേടി ഇന്ത്യ. 6 വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 176 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ ഇന്ത്യന്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 28 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. 60 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ നയിച്ചത്. സൂര്യകുമാര്‍ യാദവ് 34 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 43.5 ഓവറില്‍ 176 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 57 റണ്‍സെടുത്ത ജേസന്‍ ഹോള്‍ഡര്‍ ആണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. വിന്‍ഡീസ് നിരയില്‍ മൂന്ന് താരങ്ങള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും ആര്‍ക്കും അത് മുതലെടുക്കാനായില്ല. ഇന്ത്യക്കായി യുസ്വേന്ദ്ര ചഹാല്‍ നാലും വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.
ആക്രമണ മോഡിലാണ് രോഹിത് ശര്‍മ്മ തുടക്കം മുതല്‍ ബാറ്റ് വീശിയത്. വളരെ അനായാസം രോഹിത് നിറഞ്ഞാടിയപ്പോള്‍ മറുവശത്ത് ഇഷാന്‍ കിഷന്‍ ബുദ്ധിമുട്ടുകയായിരുന്നു. പക്ഷേ, രോഹിതിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ഫിഫ്റ്റിയും കടന്ന് കുതിച്ച രോഹിത് ഒടുവില്‍ അല്‍സാരി ജോസഫിനു മുന്നിലാണ് വീണത്. 51 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 60 റണ്‍സെടുത്ത രോഹിത് ആദ്യ വിക്കറ്റില്‍ 84 റണ്‍സ് കൂട്ടുകെട്ടിലും പങ്കാളി ആയി.മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി (8) അല്‍സാരി ജോസഫിന്റെ അടുത്ത ഇരയായി. ഇഷാന്‍ കിഷന്‍ (28), ഋഷഭ് പന്ത് (11) എന്നിവര്‍ വേഗം മടങ്ങി. കിഷന്‍ അകീല്‍ ഹുസൈനു മുന്നില്‍ വീണപ്പോള്‍ പന്ത് റണ്ണൗട്ടായി. അഞ്ചാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും അരങ്ങേറ്റക്കാരന്‍ ദീപക് ഹൂഡയും ഉറച്ചുനിന്നതോടെ ഇന്ത്യ അനായാസം ജയത്തിലേക്ക് നീങ്ങി. സൂര്യകുമാര്‍ യാദവ് ആക്രമിച്ച് കളിച്ചപ്പോള്‍ ഹൂഡയും മോശമാക്കിയില്ല. അപരാജിതമായ 62 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ സഖ്യം ഇന്ത്യയെ 22 ഓവര്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തിക്കുകയായിരുന്നു. സൂര്യകുമാര്‍ (34), ഹൂഡ (26) എന്നിവര്‍ ക്രീസില്‍ തുടര്‍ന്നു.