ഹിജാബ് വിവാദം : മൂന്ന് ദിവസത്തേക്ക് സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു
ഹിജാബ് വിവാദത്തില്‍ കുരുങ്ങി കര്‍ണാടക. സ്‌കൂളുകളിലും കോളേജുകളിലും ഹിജാബിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിദ്യാര്‍ത്ഥികളോട് സമാധാനം പാലിക്കണമെന്നും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും അഭ്യര്‍ത്ഥിച്ചു. കോളേജിലെ ഹിജാബ് നിയന്ത്രണം ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന അഞ്ച് പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയും വാദം കേള്‍ക്കാന്‍ തുടങ്ങി. ബുധനാഴ്ചയും ബെഞ്ച് വാദം കേള്‍ക്കുന്നത് തുടരും.
ഹിജാബ് (ശിരോവസ്ത്രം) ധരിച്ച് ക്ലാസിലെത്തിയ ആറ് വിദ്യാര്‍ത്ഥികളോട് കാമ്പസ് വിടാന്‍ ആവശ്യപ്പെട്ട് ഉഡുപ്പിയിലെ സര്‍ക്കാര്‍ പിയു കോളേജില്‍ ജനുവരിയില്‍ ആരംഭിച്ച ഹിജാബ് വിവാദം വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇതിന് മറുപടി എന്ന രീതിയില്‍ ഒരു വിഭാഗം കാവി ഷാളുകള്‍ അണിഞ്ഞ് കോളജിലും സ്‌കൂളുകളിലും എത്തുന്നു. കാവി ഷാളണിഞ്ഞ് വരുന്ന ഹിന്ദു വിദ്യാര്‍ത്ഥികളെയും ക്ലാസുകളില്‍ നിന്ന് വിലക്കുന്നുണ്ട്. ശിരോവസ്ത്രം മതചിഹ്നമെന്ന് വിശേഷിപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന യൂണിഫോം സംബന്ധമായ നിയമങ്ങളെ പിന്തുണച്ച് ഭരണകക്ഷിയായ ബിജെപി ശക്തമായി നിലകൊണ്ടപ്പോള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് മുസ്ലീം പെണ്‍കുട്ടികളെ പിന്തുണച്ച് രംഗത്തെത്തിയതോടെ തര്‍ക്കത്തിന് രാഷ്ട്രീയ നിറം കൈവന്നു.