നിയമക്കുരുക്കില്‍ മുറുകി മെറ്റ ; ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടുമോ…?

നിയമക്കുരുക്കില്‍ വീണ്ടും ഫേസ്ബുക്ക്. ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പിന്‍വലിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ഉപയോക്തൃ വിവരങ്ങള്‍ യൂറോപ്യന്‍ യൂണിയനിലെ സര്‍വറുകളില്‍ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും വേണമെന്ന യൂറോപ്യന്‍ യൂണിയന്റെ പുതിയ അറ്റ്ലാന്റിക് ഡേറ്റാ ട്രാന്‍സ്ഫര്‍ ഫ്രെയിംവര്‍ക്കാണ് മെറ്റയ്ക്ക് തലവേദനയായിരിക്കുന്നത്. മെറ്റ അമേരിക്കയിലും യൂറോപ്പിലുമാണ് ഉപയോക്തൃ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ബിസിനസിനും പരസ്യ ടാര്‍ഗെറ്റിങ്ങിനും ഇത് അത്യന്താപേക്ഷിതമാണെന്നാണ് കമ്പനിയുടെ വാദം.

പുതിയ ചട്ടത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നാല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള സുപ്രധാന സേവനങ്ങള്‍ യൂറോപ്പില്‍ നിന്ന് പിന്‍വലിക്കേണ്ടി വരുമെന്ന് മെറ്റ തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ യൂണിയനിലെ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുകയാണ് മെറ്റയിപ്പോള്‍. പ്രതീക്ഷിച്ച വളര്‍ച്ച നേടിയെടുക്കാന്‍ കഴിയാതായതോടെ കഴിഞ്ഞയാഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇതോടെ മാര്‍ക് സക്കര്‍ബര്‍ഗ് ആസ്തി വലിപ്പത്തില്‍ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലേക്ക് പോവുകയും ചെയ്തു. ഇതിന് പരിഹാരം കാണാന്‍ ശ്രമങ്ങള്‍ നടക്കവെയാണ് യൂറോപ്യന്‍ യൂണിയന്റെ നിയമ നിര്‍ദേശങ്ങള്‍ കമ്പനിക്ക് വീണ്ടും തിരിച്ചടിയാകുന്നത്. എന്ത് തന്നെയായാലും കഴിഞ്ഞ കുറച്ചു നാളുകളായി ഫേസ്ബുക്കിന് നല്ല സമയം അല്ല.