ഓസ്‌ക്കാറില്‍ നിന്നും ജയ് ഭീം പുറത്ത്

മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്ന് ജയ് ഭീം പുറത്ത്. 94ാമത് അക്കാദമി അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ പുറത്തുവന്നപ്പോള്‍ അഞ്ച് ചിത്രങ്ങളാണ് മികച്ച വിദേശ ചിത്രത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജയ് ഭീം ഈ വര്‍ഷം അക്കാദമി അവാര്‍ഡിന് അര്‍ഹത നേടിയ 276 ചിത്രങ്ങളുടെ നീണ്ട പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍), ഫ്‌ലീ (ഡെന്‍മാര്‍ക്ക്), ദ ഹാന്‍ഡ് ഓഫ് ഗോഡ് (ഇറ്റലി), ലുനാനിയ: എ യാക്ക് ഇന്‍ ദ ക്ലാസ്സ്‌റൂം (ഭൂട്ടാന്‍), ദ വേഴ്സ്റ്റ് പേഴ്‌സണ്‍ ഇന്‍ ദ വേള്‍ഡ് (നോര്‍വേ) എന്നിവയാണ് അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ സിനിമകള്‍.

നേരത്തെ ഓസ്‌കാറിന്റെ യൂട്യൂബ് ചാനലില്‍ ജയ് ഭീം പ്രദര്‍ശിപ്പിച്ചിരുന്നു. ടി.ജെ. ജ്ഞാനവേല്‍ ഒരുക്കിയ ചിത്രത്തിന്റെ പ്രമേയം ദലിത് രാഷ്ട്രീയമാണ്. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഏറെ ശ്രദ്ധേമായ ചിത്രം ott വഴിയാണ് റിലീസ് ആയത്. സൂര്യ തന്നെയാണ് സിനിമയുടെ നിര്‍മ്മാതാവും.