സില്‍വര്‍ ലൈന്‍ ഭാവിയില്‍ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

കേരളത്തിന്റെ സില്‍വര്‍ ലൈന് പദ്ധതി ഭാവിയില്‍ റെയില്‍വേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ കടബാധ്യത റെയില്‍വേയ്ക്ക് വരാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി വന്നാല്‍ ഭാവിയില്‍ പാതയുടെ എണ്ണം കൂട്ടി റെയില്‍ വികസനം സാധ്യമാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. റെയില്‍വേ പാതയ്ക്ക് സമാനാമായാണ് സില്‍വര്‍ ലൈന്‍ കടന്നു പോകുന്നത്.

അതുകൊണ്ട് ഭാവിയില്‍ റെയില്‍വേയ്ക്ക് ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ അത് സാധ്യമാകാതെ വരുമെന്ന് കേന്ദ്ര മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. വിദേശ നിക്ഷേപം സ്വീകരിച്ചുകൊണ്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ കടബാധ്യത റെയില്‍വേയുടെ മേല്‍ വരാനുള്ള സാധ്യതയുണ്ട്. ഇതു കൂടാതെ പ്രതീക്ഷിച്ച അത്ര യാത്രക്കാര്‍ ഇല്ലെങ്കില്‍ വായ്പ ബാധ്യത പ്രതിസന്ധി സൃഷ്ടിക്കുമെന്നും മന്ത്രി പാര്‍ലമെന്റില്‍ വിശദമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളാണ് മന്ത്രി പാര്‍ലമെന്റില്‍ നടത്തിയത്. അതേസമയം സമയം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനം.