തനിക്ക് ആരേയും പേടിയില്ല ; പറഞ്ഞ കാര്യങ്ങള്‍ നൂറ് ശതമാനം സത്യം : സ്വപ്ന സുരേഷ്
നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സ്വപ്നാ സുരേഷിന് നോട്ടീസ്. എന്നാല്‍ നോട്ടീസ് കിട്ടിയിട്ടില്ല എന്നാണ് സ്വപ്ന പറയുന്നത്. ഇമെയിലിന് സാങ്കേതിക പ്രശ്‌നം ഉണ്ട്. ഇഡി നോട്ടീസിനെപ്പറ്റി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇ ഡി എന്തിനാണ് വിളിച്ചതെന്ന് അറിയില്ല. ഇ ഡി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞത് പറയുമെന്നും സ്വപന പറഞ്ഞു. ശിവശങ്കറിനെ പേടിയില്ല. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന തനിക്ക് ആരെയും പേടിയില്ല.
എല്ലാ അന്വേഷണ ഏജന്‍സികളുമായും സഹകരിക്കും. അന്വേഷണം വരുന്നത് നേരിടും. പറഞ്ഞ കാര്യങ്ങള്‍ നൂറ് ശതമാനം സത്യമാണ്. ശിവശങ്കര്‍ എന്ന വ്യക്തിയെ കുറിച്ചും അദ്ദേഹത്തിന്റെ ആരോപണങ്ങളെ കുറിച്ചും ആണ് പറയാന്‍ ഉള്ളത്. ശബ്ദ രേഖയെ കുറിച്ച് അന്വേഷിക്കാന്‍ ഉള്ള പൂര്‍ണ്ണ ഉത്തരവാദിത്തം അന്വേഷണ ഏജന്‍സികള്‍ക്കാണ്. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന ഒരു വ്യക്തിക്ക് ഭയപ്പെടാനായി ഒന്നും ഇല്ല. നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്നു പറയാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സ്വപ്ന പറഞ്ഞു. കേസിലെ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകള്‍ സംബന്ധിക്കുന്ന രേഖകളുമായി നാളെ രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാവണമെന്നാണ് ഇഡി നോട്ടീസില്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേസിലെ പ്രതിയുമായ എം.ശിവശങ്കര്‍ തന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളോട് സ്വപ്ന സുരേഷ് നടത്തിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ നടപടി. സംസ്ഥാന സര്‍ക്കാരിന് യു.എ.ഇ കോണ്‍സുലേറ്റുമായുള്ള ഏക ബന്ധം ശിവശങ്കറാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിന് അനുകൂലമായ രീതിയില്‍ ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയതും ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്ന സ്വപ്നയുടെ തുറന്നുപറച്ചിലും ഇഡി പരിശോധിക്കും.