ശ്രമങ്ങള്‍ എല്ലാം പാളി ; മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെ സഹായം തേടി സര്‍ക്കാര്‍
പാലക്കാട് ചെറാട് മലയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ വിജയന്‍ സഹായം തേടി സര്‍ക്കാര്‍. കരസേനയുടെ ദക്ഷിണ്‍ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബാംഗ്ലൂരില്‍നിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിണ്‍ ഭാരത് ഏരിയ ലഫ്. ജനറല്‍ അരുണ്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പര്‍വ്വതാരോഹണത്തിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രാവീണ്യം നേടിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനായെത്തുന്നത്. ഹെലികോപ്റ്ററിന്റെ സഹായത്തോടെ യുവാവിനെ രക്ഷിക്കാനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകരുടെ ശ്രമം വിഫലമാവുകയാണുണ്ടായത്. കൊക്കയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം ഏറെ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോള്‍. മൂന്ന് സംഘങ്ങളായി പോയ വനംവകുപ്പ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മല കയറിയിറങ്ങി. ചെങ്കുത്തായ മലയിടുക്കായതിനാല്‍ അങ്ങോട്ടേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞത്.
മലമ്പുഴ സ്വദേശി ബാബുവാണ് കഴിഞ്ഞ ദിവസം കൊക്കയില്‍ കുടുങ്ങിയത്. ബാബുവും മൂന്ന് സുഹൃത്തുക്കളും കൂടിയാണ് മല കയറിയത്. ഇതിനിടെ ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ട് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് ബാബുവിന്റെ സുഹൃത്തുക്കള്‍ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. വീഴ്ചയില്‍ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചുകൊടുത്തു. ഇപ്പോള്‍ ഫോണ്‍ ഓഫായ നിലയിലാണ്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഷര്‍ട്ട് വീശി കാണിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് വന്യ ജീവി ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്ന് വനം വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുമ്പും ഇവിടെ കാല്‍വഴുതി വീണ് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇപ്പോള്‍ ബാബു കൊക്കയില്‍ കുടുങ്ങിയിട്ട് ഏതാണ്ട് 24 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്.
കൊക്കയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ എത്തിയിരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെങ്കിലും ബാബുവിനെ രക്ഷിക്കാനായില്ല. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണ് രക്ഷാ പ്രവര്‍ത്തകര്‍ ആദ്യം നടത്തിയത്. ആ ശ്രമവും വിഫലമായിരിക്കുകയാണ്. ചെങ്കുത്തായ പാറകളാല്‍ നിബിഡമായ പ്രദേശത്ത് ഹെലികോപ്റ്റര്‍ ലാന്റ് ചെയ്യുകയെന്നത് ഒരിക്കലും സാധ്യമല്ല. ബാബുവിനെ രക്ഷിക്കാനാവാതെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ മടങ്ങി പോയത് രക്ഷാപ്രവര്‍ത്തനത്തെ ഏറെ പ്രതിസന്ധിയിലാക്കി. കരസേന രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നതോടെ ബാബുവിനെ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.