അമ്പലമുക്ക് കൊലപാതകം ; പ്രതി കയറി പോയ സ്‌കൂട്ടര്‍ തേടി പൊലീസ്

തിരുവനന്തപുരം : അമ്പലമുക്കില്‍ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയുടെ കൊലപാതകിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. കടയ്ക്ക് സമീപമുള്ള സിസിടിവിയില്‍ കണ്ടെത്തിയാളാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മുട്ടടയില്‍ നിന്നും കേശവദാസപുരത്തേക്ക് ഒരു സ്‌കൂട്ടറിന് പിന്നില്‍ ഇയാള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ലോക്ക് ഡൌണ്‍ സമാനമായ അടച്ചിടല്‍ ഉണ്ടായിരുന്ന ഞായറാഴ്ച ഉച്ചയ്ക്കാണ് അലങ്കാര ചെടികള്‍ വില്‍ക്കുന്ന കടയില്‍ ജീവനക്കാരിയായി വിനീതയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിനീതയുടെ സ്വര്‍ണമാല നഷ്ടമായിട്ടുണ്ട്.

വിദഗ്ദമായാണ് കൊലപാതകം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ദൃശ്യങ്ങളില്‍ കാണുന്നയാള്‍ ഞായറാഴ്ച ദിവസം പേരൂര്‍ക്കട മാനസിരോഗാശുപത്രിയില്‍ നിന്നും അമ്പലമുക്ക് വരെ നടന്നു വന്നിരുന്നു. പതിനൊന്ന് മണിയോടെ തലയില്‍ സ്‌ക്രാഫ് ധരിച്ച് മാസ്‌ക്ക് വച്ചെത്തിയ വ്യക്തി കടക്ക് സമീപം കുറച്ചു സമീപം കാത്തുനിന്നു. 11.30 മടങ്ങിയെത്തിയാള്‍ ഓട്ടോയില്‍ കയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മെഡിക്കല്‍ കോളേജിലേക്കെന്ന പറഞ്ഞ് ഓട്ടോയില്‍ കയറി ഇയാള്‍ മുട്ടടയിറങ്ങിയെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി. ഇതിന് ശേഷമുള്ള നിര്‍ണായക ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

ഇയാള്‍ പിന്നെ ഒരു ആക്ടീവ സ്‌കൂൂട്ടറില്‍ കയറി പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സ്‌കൂട്ടര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന സ്‌കൂട്ടിറിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പൊലീസിനെ വിവരം അറിയിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. മോഷണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപാതകിയെന്നാണ് സംശയം. വിനീതയുടെ ഫോണ്‍ രേഖ പരിശോധിച്ചതില്‍ നിന്നും നിര്‍ണായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.