അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞു ; മൂന്നുപേര്‍ മരിച്ചു
പത്തനം തിട്ട അടൂരില്‍ ബൈപ്പാസില്‍ നിന്ന് കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു.മരിച്ച മൂന്നുപേരും സ്ത്രീകളാണ്. കൊല്ലം ആയൂര്‍ സ്വദേശികളായ ശകുന്തള, ഇന്ദിര, ശ്രീജ എന്നിവരാണ് മരിച്ചത്. കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. കാറില്‍ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയായിരുന്നു അപകടം. വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ഹരിപ്പാടേക്ക് പോവുകയായിരുന്നു സംഘം. ആയൂര്‍ എകെജി മുക്ക് ഹാപ്പിവില്ലയില്‍ ശരത് (35) ആണ് വണ്ടി ഓടിച്ചിരുന്നത്.
ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ കാര്‍ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയില്‍ കുടുങ്ങികിടക്കുകയാണ്. കാറിലുണ്ടായിരുന്നവരെ ആദ്യമിനിറ്റുകളില്‍തന്നെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു. രണ്ടുമണിയോടെ കാറിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെയും കരയ്ക്കെത്തിച്ചു. പരിസരത്തുണ്ടായിരുന്ന നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായത്.