ലോകായുക്ത ; ശിവശങ്കര്‍ ; ന്യായീകരിച്ചും സംരക്ഷിച്ചും പിണറായി

പുസ്തകത്തിനു പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ ശിവശങ്കറിനെ സംരക്ഷിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും എതിരെയാണ് പുസ്തകത്തിലുള്ളത്.ചില കാര്യങ്ങളെക്കുറിച്ച് പുസ്തകത്തില്‍ ശക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ പറഞ്ഞതാണ് ശരി. വിമര്‍ശിക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പകയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുസ്തകത്തിന് അനുമതിയുണ്ടോ എന്നത് സര്‍ക്കാര്‍ പരിശോധിക്കും. പ്രതീക്ഷിച്ചത് പോലെ തന്റെ വിശ്വസ്തനെ ഇപ്പോഴും സംരക്ഷിക്കാന്‍ ആണ് പിണറായി ശ്രമിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ ഒന്നൊന്നായി പുറത്തു വന്നിട്ടും അതിനൊന്നും മറുപടി പറയാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നില്ല എന്നത് ഇരുവരും തമ്മിലുള്ള ബന്ധം എത്ര മാത്രം ശക്തമാണ് എന്നതിന്റെ തെളിവാണ്.

അതുപോലെ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെയും പിണറായി ന്യായീകരിച്ചു. സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ജുഡീഷ്യറിയും നിയമനിര്‍മാണ സഭകളും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം നിലനില്‍ക്കാത്ത ചില രീതികളായിരുന്നു ഭേദഗതിക്ക് മുന്‍പുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘നമ്മുടെ രാജ്യത്ത് ജുഡീഷ്യറിയും നിയമനിര്‍മാണ സഭകളും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം നിലനില്‍ക്കാത്ത ചില രീതികളായിരുന്നു ഭേദഗതിക്ക് മുന്‍പുണ്ടായിരുന്നത്. അതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഒരിത്തും ഈ വ്യവസ്ഥയില്ലാതിരുന്നത്. ലോക്പാല്‍ നിയമത്തിലും ഇതിന് സമാനമായ വ്യവസ്ഥയില്ല. ജുഡീഷ്യറിക്കുള്ള അധികാരം ജുഡീഷ്യറിയുടെ ഭാഗമായി തന്നെ നിലനിര്‍ത്തേണ്ടതാണെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. അത് സ്വാഭാവികമായി വന്ന നടപടിക്രമം മാത്രമാണ്’. മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ചയാണ് ലോകായുക്ത ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഗവര്‍ണര്‍ ഒപ്പുവെച്ച ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷവും ബിജെപിയും വിമര്‍ശനവുമായി രംഗത്തെത്തിയതിനുപിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.