അംബാനിയെ പിന്തള്ളി അദാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എംഡി മുകേഷ് അംബാനിയെ പിന്തള്ളി അദാനി ഗ്രൂപ്പിന്റെ തലവന്‍ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍. ബ്ലൂംബര്‍ഗിന്റെ ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് ഗൗതം അദാനി ഒന്നാമതെത്തിയത്. ഗൗതം അദാനിയുടെ ആസ്തി 8,850 കോടി ഡോളറായി ഉയര്‍ന്നു. അദാനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷം കൊണ്ട് 1,200 കോടി ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. 600 ദശലക്ഷം ഡോളറിന്റെ വ്യത്യാസമാണ് അദാനിയും അംബാനിയും തമ്മിലുള്ളത്.
അതേസമയം, അംബാനിയുടെ ആസ്തി ഇടിഞ്ഞതും സ്ഥാനം നഷ്ടമാകാന്‍ കാരണമായി. 207 കോടി ഡോളറിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ അപേക്ഷിച്ച് അംബാനിയുടെ ആസ്തിയില്‍ ഉണ്ടായത്. 8,790 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. തുറമുഖം, ഖനി, അടക്കം വിവിധ മേഖലകളില്‍ പരന്നുകിടക്കുന്നതാണ് അദാനിയുടെ ബിസിനസ് സാമ്രാജ്യം. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഗൗതം അദാനിയുടെ ആസ്തിയില്‍ പ്രതിഫലിച്ചത്. അദാനി ഗ്യാസിന്റെ ഓഹരിയില്‍ 2020 മുതല്‍ 1000 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അദാനി എന്റര്‍പ്രൈസസും അദാനി ട്രാന്‍സ്മിഷനും സമാനമായ മുന്നേറ്റമാണ് കാഴ്ച വെച്ചത്. നിലവില്‍ കേരളത്തിലെ പല പ്രമുഖ പദ്ധതികളും നിര്‍മ്മാണം അദാനി ഗ്രൂപ്പിന് ആണ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പുറമെ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും അദാനിക്ക് ആണ്.